Saturday, March 24, 2012

808.എന്‍.സി.സി. ക്കാര്‍ക്ക് ഗ്രേസ് മാര്‍ക്ക് : മാനദണ്ഡങ്ങള്‍ ഉദാരമാക്കി





ഹൈസ്കൂള്‍ തലത്തിലെ എന്‍.സി.സി. കേഡറ്റുകള്‍ക്ക് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്കരിച്ച് ഉത്തരവായി. ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങള്‍ ലളിതമാക്കണമെന്ന അഭിപ്രായം പലതലങ്ങളില്‍ ഉയര്‍ന്നുവന്നിരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടിയെന്നു വിദ്യാഭ്യാസമന്ത്രി പി. കെ. അബ്ദുറബ്ബ് അറിയിച്ചു. സംസ്ഥാനത്തെ എന്‍.സി.സി. കേഡറ്റുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്കൂള്‍ തലത്തില്‍ എന്‍റോള്‍ ചെയ്തിട്ടുള്ള മുഴുവന്‍ കേഡറ്റുകള്‍ക്കും രണ്ട് അധ്യയന വര്‍ഷത്തിലുമായി 75% പരേഡ് ഹാജര്‍ നില വെച്ചുകൊണ്ട് 5% ഗ്രേസ് മാര്‍ക്കും ദേശീയതല ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇപ്പോള്‍ നല്‍കിവരുന്ന 10% ഗ്രേസ് മാര്‍ക്ക് തുടരാമെന്നും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. നിലവില്‍ കോര്‍പ്പറല്‍ റാങ്ക്, എന്‍.സി.സി. പരീക്ഷ എന്നീ വ്യവസ്ഥകള്‍ക്കു വിധേയമായി സംസ്ഥാനതല ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് 5% വും ദേശീയതല ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് 10% ഗ്രേസ് മാര്‍ക്കുമാണ് അനുവദിച്ചിരുന്നത്. വളരെ പരിമിതമായ വിഭാഗം കേഡറ്റുകള്‍ക്കു മാത്രമാണ് ഈ ആനുകൂല്യം ലഭിച്ചിരുന്നത്. വിദ്യാര്‍ത്ഥികളില്‍ അച്ചടക്കത്തിന്റേയും സേവനത്തിന്റേയും ഗുണങ്ങള്‍ വികസിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ എന്‍.സി.സി. സ്കൂള്‍ തലത്തില്‍ ആകര്‍ഷകമാക്കുന്നതിന് ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നതിലെ നിബന്ധനകളില്‍ ഇളവ് അനുവദിക്കണമെന്ന് വിദ്യാലയങ്ങളിലെ എന്‍.സി.സി. ഓഫീസര്‍മാരും എന്‍.സി.സി. സംസ്ഥാനതല ഡയറക്ടറേറ്റും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. കേരളത്തിലെ 48,000 ത്തോളം വരുന്ന കേഡറ്റുകള്‍ക്ക് ഇപ്പോള്‍ നടക്കുന്ന വാര്‍ഷിക പരീക്ഷ മുതല്‍ ഈ ആനുകൂല്യം ലഭ്യമാകും. സകൌട്ട് ആന്റ് ഗൈഡ്, ജൂനിയര്‍ റെഡ്ക്രോസ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം ആനുകൂല്യം ലഭിയ്ക്കുമ്പോള്‍ എന്‍.സി.സി. മാത്രം അവഗണിക്കപ്പെട്ടിരിക്കുകയായിരുന്നു. ഹയര്‍ സെക്കന്‍ഡറിയിലെ വി.എച്ച്.എസ്.സി., എന്‍.സി.സി. കേഡറ്റുകള്‍ക്കും ഇത്തരമൊരു ആനുകൂല്യം ബാധകമാകുന്ന കാര്യം സര്‍ക്കാര്‍ ഗൌരവമായി ആലോചിക്കുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

No comments:

Get Blogger Falling Objects