Tuesday, April 17, 2012

857.വി.എച്ച്.എസ്.സി പരിഷ്‌കരണം: ക്രമേണ നടപ്പാക്കും





Click Here to read Madhyamam News
തിരുവനന്തപുരം: വി.എച്ച്.എസ്.സി പരിഷ്‌കരണം കാലാനുസൃതമായി നടപ്പാക്കേണ്ടതാണെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. നിലവിലുള്ള വി.എച്ച്.എസ്.സി സ്‌കീം പരിഷ്‌കരിക്കേണ്ടതാണ്. തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പുനഃസംഘടിപ്പിച്ച് ഓപ്ഷണലാക്കണം. മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇതിനര്‍ഥം അടുത്ത വര്‍ഷം വി.എച്ച്.എസ്.സി നിര്‍ത്തലാക്കുമെന്നല്ല. അടുത്ത അധ്യയന വര്‍ഷം വി.എച്ച്.എസ്.സിയില്‍ പതിവു രീതിയില്‍ പ്രവേശനം നടക്കും. വി.എച്ച്.എസ്.സി പരിഷ്‌കരണം കൂടുതല്‍ പഠനത്തിന്റെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലായിരിക്കും നടത്തുക. ദേശീയ പാഠ്യപദ്ധതിയില്‍ ഇക്കാര്യം നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസ് പ്രവേശനം അഞ്ചു വയസ്സായി തുടരുന്നതിനാലാണ് പൊതു വിദ്യാലയങ്ങളിലും തത്കാലം അഞ്ചു വയസ്സായി ക്രമീകരിച്ചിരിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് ആറ് വയസ്സാക്കുന്നതുവരെ കേരളത്തിലും നിലവിലുള്ള സ്ഥിതി തുടരും - മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 124 സ്‌കൂളുകള്‍കൂടി വേണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ കൂടുതലും ട്രൈബല്‍ മേഖലയിലും പിന്നാക്ക പ്രദേശങ്ങളിലുമാണ്.

എസ്.എസ്.എ വഴി ഈ വര്‍ഷം 523.01 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് കേന്ദ്രം അംഗീകാരം നല്‍കിയെന്ന് മന്ത്രി പറഞ്ഞു. രണ്ടു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി പാഠപുസ്തകങ്ങള്‍ നല്‍കും. പാഠപുസ്തകത്തോടൊപ്പം രണ്ട് സെറ്റ് സൗജന്യ യൂണിഫോമും വിതരണം ചെയ്യും.

പഠനാന്തരീക്ഷം ഒരുക്കാന്‍ എല്‍.പി. സ്‌കൂളുകള്‍ക്ക് അയ്യായിരവും യു.പിയ്ക്ക് ഏഴായിരവും രൂപഅനുവദിക്കും. ക്ലാസ് മുറികളിലേക്ക് ഉപകരണം വാങ്ങാന്‍ ഓരോ അധ്യാപകര്‍ക്കും അഞ്ഞൂറു രൂപ വീതവും നല്‍കും.

'കാത്തുസൂക്ഷിക്കുക കണ്‍മണികളെ'യെന്ന ശീര്‍ഷകത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളിലെ പി.ടി.എ പ്രസിഡന്റുമാര്‍ക്കെല്ലാം മന്ത്രി കത്തെഴുതും. കഴിഞ്ഞവര്‍ഷം എഴുതിയ കത്തിന്റെ തുടര്‍ച്ചയായാണ് ഇപ്രാവശ്യവും കത്തെഴുതിയത്. പത്രസമ്മേളനത്തില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍, ഡി.പി.ഐ കെ.ഷാജഹാന്‍, എസ്.എസ്.എ ഡയറക്ടര്‍ കെ.എം. രാമാനന്ദന്‍, അഡീഷണല്‍ ഡയറക്ടര്‍ എല്‍. രാജന്‍ എന്നിവരും പങ്കെടുത്തു. 

No comments:

Get Blogger Falling Objects