Saturday, September 29, 2012

893.വിദ്യാലയങ്ങള്‍ പുകയിലവിമുക്തമാക്കാന്‍ കര്‍ശന നടപടി





സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ പുകയില വിമുക്തമാക്കാനുള്ള കര്‍ശന നടപടികള്‍ സ്വികരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍ നിര്‍ദ്ദേശം നല്‍കി. പുകയില നിരോധന നിയമം - കോട്പ-2003 കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ത്രിതല സമിതികള്‍ രൂപീകരിക്കാന്‍ ജൂണ്‍ മാസത്തില്‍ ഡി.പി.ഐ. നിര്‍ദ്ദേശിച്ചിരുന്നു. സ്കൂള്‍തല സമിതികളുടെ പ്രവര്‍ത്തനം വിലയിരുത്തി, പുകയില വിമുക്തവിദ്യാലയത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ടവര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ അറിയിക്കണം. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സ്കൂള്‍ തലത്തില്‍ ഒരു നോഡല്‍ ഓഫീസര്‍ പ്രവര്‍ത്തിക്കും. വിദ്യാലയത്തിന്റെ സമീപ പ്രദേശങ്ങളില്‍ പുകയില ഉത്പന്നങ്ങള്‍ ശേഖരിച്ചുവെക്കുകയും വില്പന നടത്തുകയും ചെയ്യുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ വിദ്യാലയത്തിന്റെ പ്രധാനാധ്യപകന്‍, സ്കൂള്‍ തല സമിതി അംഗം കൂടിയായ സ്ഥലം സബ് ഇന്‍സ്പെക്ടര്‍മാരെ അറിയിക്കണം. വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തില്‍ പുകവലി വിമുക്തസ്ഥലം - ഇവിലെ പുകവലി ശിക്ഷാര്‍ഹം എന്ന് എഴുതിയ ബോര്‍ഡുകള്‍ സ്ഥാപിക്കണം. വിദ്യാലയത്തിന് പുറത്ത് വിദ്യാലയത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഇത് ലംഘിക്കുന്നത് കോടപ്-2003, 24-ാം വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമാണ് എന്ന ബോര്‍ഡും സ്ഥാപിക്കണം. ഇക്കാര്യങ്ങള്‍ നടപ്പില്‍വരുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ നല്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമുള്ള സ്കൂള്‍തല സമിതിയുടെ അധ്യക്ഷന്‍ പ്രധാനാധ്യാപകനാണ്. അധ്യാപക-രക്ഷകര്‍തൃസമിതി അധ്യക്ഷന്‍, മാനേജ്മെന്റ് -രക്ഷാകര്‍തൃസമിതി അധ്യക്ഷന്‍, ടീച്ചര്‍ കോര്‍ഡിനേറ്റര്‍, സ്ഥലം പോലീസ് സബ് ഇന്‍സ്പെക്ടര്‍, സ്കൂള്‍ ലീഡര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ജില്ലാ കളക്ടര്‍ അധ്യക്ഷനായ ജില്ലാതല സമിതിയില്‍ ജില്ലാ പോലീസ് സൂപ്രണ്ട്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്. ആഭ്യന്തരവകുപ്പ് സെക്രട്ടറിയാണ് സംസ്ഥാന സമിതിയുടെ അധ്യക്ഷന്‍. ആരോഗ്യ-പൊതുവിദ്യാഭ്യാസ വകുപ്പുകളുടെ സെക്രട്ടറിമാര്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. പി.എന്‍.എക്സ്.6452/12

No comments:

Get Blogger Falling Objects