Friday, March 29, 2013

1002.ഒത്തിരി ആകാശം ഇത്തിരി വെട്ടം



ചന്ദ്ര എക്സ് റേ ഒബ്‌സര്‍വേറ്ററി


നാസ വിക്ഷേപിച്ച ഒരു ബഹിരാകാശ ദൂരദര്‍ശിനിയാണിത് .ഇതിലെ എക്സ് റേ ഒബ്‌സര്‍വേറ്ററിക്ക്

ബഹിരാകാശത്തുനിന്നുള്ള വളരെ ശക്തി കുറഞ്ഞുള്ള എക്സ് കിരണങ്ങളുടെ സാനിദ്ധ്യം കണ്ടെത്തുവാനുള്ള കഴിവുണ്ട് .ഇത് വിക്ഷേപിച്ചത്   1999 ജൂലൈ 23 നാണ് . ഭൌതിക ശാസ്ത്രത്തിലെ നോബല്‍ സമ്മാന ജേതാവാ‍യ ശ്രീ സുബ്രഹ്മണ്യം‌ ചന്ദ്രശേഖറിനോടുള്ള ബഹുമാനാര്‍ത്ഥമാണ് ചന്ദ്ര എന്ന പേര്‍ ഇതിന് കൈവന്നത് .ചന്ദ്ര പേടകവും
അതിലെ ഉപകരണങ്ങളും പ്രവര്‍ത്തിക്കാനാവശ്യമായ പവര്‍ 2 കിലോ വാട്ട് മാത്രമാണ് .ചന്ദ്രയുടെ പരിക്രമണകാലം 64 മണിക്കൂറാണ്  . അതായത്  ഭൂമിയെ ഒന്നു വലം വെക്കുന്നതിന് 64 മണിക്കൂര്‍ വേണമെന്നര്‍ത്ഥം . എന്നാല്‍ ഹബ്ബിള്‍ സ്പേസ് ടെലിസ്കോപ്പിന്റെ പരിക്രമണ കാലം 96 - 97  മിനിട്ടുകള്‍ മാത്രമാണ് .

ഭൂമിയില്‍ എക്സ് റേ ടെലിസ്കാ‍പ്പുകള്‍ സ്ഥാപിക്കാത്തതെന്തുകൊണ്ട് ?


ഭൂമിയിലെത്തിച്ചേരുന്ന എക്സ് കിരണങ്ങളിലെ ഭൂരിഭാഗത്തേയും ഭൌമാന്തരീക്ഷം ആഗിരണം ചെയ്യുന്നതിനാല്‍ ഭൂമിയില്‍ സ്ഥാപിക്കുന്ന എക്സ് റേ ടെലിസ്കോപ്പുകള്‍ക്ക് ബഹിരാകാശത്തുനിന്നു വരുന്ന  എക്സ് കിരണങ്ങളെ  കണ്ടെത്തുക ബുദ്ധിമുട്ടാണ് . എന്നാല്‍ ബഹിരാകാശത്ത് ഈ പ്രശ്നമില്ലാത്തതിനാല്‍ അവിടെ സ്ഥാപിച്ചിട്ടുള്ള എക്സ് റേ  ടെലിസ്കോപ്പുകള്‍ക്ക് എക്സ് കിരണങ്ങളെ കണ്ടെത്തി പഠനം നടത്തുവാന്‍ കഴിയും .

ഹബ്ബിള്‍ സ്പേസ് ടെലിസ്കോപ്പ് 


1990 ഏപ്രിലില്‍ ആണിത് വിക്ഷേപിച്ചത് . ബഹിരാകാശത്ത് സ്ഥാപിച്ചിട്ടുള്ള ആദ്യത്തെ പ്രകാശ ദൂരദര്‍ശിനിയാണിത് .ഇതിന് 13.2 മീറ്റര്‍ നീളവും 11,110 കിലോഗ്രാം മാസും ഉണ്ട് . ഭൂമിയില്‍ നിന്ന് 559 കിലോമീറ്റര്‍ ഉയരത്തിലാണ് ഇത് ഭൂമിയെ ചുറ്റുന്നത് .പരിക്രമണകാലം 96 - 97  മിനിട്ടുകള്‍ മാത്രമാണ് .  പ്രമുഖ ജ്യോതിശാസ്ത്രജ്ഞനായ എഡ്‌വിന്‍ ഹബ്ബിളിനോടുള്ള ബഹുമാനാര്‍ത്ഥമാണ് ഇതിന് ഈ പേര്‍ കൈവന്നത് .

ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍ 


ഇതിന്റെ മാസ് 450,000 കിലോഗ്രാമും നീളം 72.8 മീറ്ററും വീതി 108.5 മീറ്ററുമാണ് . ഇത് മണിക്കൂറില്‍ 27,743.8 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നു. ഇതിന്റെ പരിക്രമണകാലം 92 മിനുട്ട് 50 സെക്കന്‍ഡ് ആണ് . മനുഷ്യര്‍ക്ക് താമസിക്കാവുന്ന ഒരു കൃത്രിമ ഉപഗ്രഹമാണ് ഇതെന്നു പറയാം . ഇതിന്റെ പരിക്രമണപാത ഭൂമിയില്‍ നിന്നും ഏറ്റവും കുറഞ്ഞ അകലത്തിലാണ് .അതിനാല്‍ ചില പ്രത്യേക സമയങ്ങളില്‍ ഭൂമിയില്‍ നിന്ന് നഗ്നനേത്രങ്ങള്‍ മുഖേന ഇത് സഞ്ചരിക്കുന്നത് നമുക്ക് കാണാം
. ഇതിന് മോഡുലാര്‍ ഘടനയാണുള്ളത്  . അതിനാല്‍ തന്നെ കാലാകാലങ്ങളില്‍ കൂട്ടിച്ചേര്‍ത്ത് പരിഷ്കാരങ്ങള്‍ വരുത്താമെന്നര്‍ത്ഥം . ഇതിലെ ആദ്യത്തെ ഭാഗം 1998 ല്‍ ആണ് വിക്ഷേപിച്ചത് . ഇപ്പോഴും ഇത് ഭൂമിക്കു ചുറ്റും പരിക്രമണം ചെയ്യുന്നുണ്ട് .

ഇതിന്റെ ഉടമസ്ഥാവകാശം ആര്‍ക്കൊക്കെ ?


താഴെ പറയുന്ന അഞ്ച് ബഹിരാകാശ ഏജന്‍സികളാണ് ഇതിന്റെ നടത്തിപ്പുകാര്‍
1. Canadian Space Agency
2.European Space Agency
3.Japan Aerospace Exploration Agency
4.ROcomos ( Russian Federal Space Agency)
5.Nasa
ഇതിന്റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച കാര്യത്തില്‍ അന്താരാഷ്ട്രതലത്തിലെ ധാരണകള്‍ക്കനുസരിച്ച് രൂപപ്പെടുത്തിയിരിക്കുന്നു.

ഈ സ്പേസ് സ്റ്റേഷനെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.  അവ താഴെ പറയുന്നു
1. Russian Orbital Segment
2.United States Orbital Segment .
ഓരോ ഭാഗവും മറ്റ് രാജ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ട് .

സുബ്രഹ്മണ്യം‌ ചന്ദ്രശേഖര്‍ 


ജനനം : 1910 ഒക്ടോബര്‍ 19 ( ലാഹോര്‍ ബ്രിട്ടീഷ് ഇന്ത്യ )
മരണം : 1985 ആഗസ്റ്റ് 21 ( ചിക്കാഗോ , യുനൈറ്റഡ് സ്റ്റേറ്റ്സ് )
പൌരത്വം : ഇന്ത്യ ( 1910 - 1953 വരെ )
                    : യുനൈറ്റഡ് സ്റ്റേറ്റ്സ് ( 1953 - 1995 വരെ )
1968 ല്‍ പത്മവിഭൂഷണ്‍ ലഭിച്ചു
അദ്ദേഹത്തിന് 1983 ല്‍ ഫിസിക്സില്‍ നോബല്‍ സമ്മാനം ലഭിച്ചു . നക്ഷത്രങ്ങളുടെ ഘടനയിലും പരിണാമത്തിലുമുള്ള ഭൌതിക പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള പഠനങ്ങള്‍ക്കാണ് 1983 ല്‍ ചന്ദ്രശേഖറിന് നോബല്‍ സമ്മാനം ലഭിച്ചത് . അദ്ദേഹത്തിന്റെ ആദ്യകാല പഠനങ്ങളെക്കുറിച്ചൂമാത്രമാണ് നോബല്‍ സമ്മാനത്തിന് പരിഗണിച്ചത് എന്ന വസ്തത
അദ്ദേഹത്തിന് ഏറെ ഇച്ഛാഭംഗം ഉണ്ടാക്കിയെങ്കിലും നോബല്‍ സമ്മാനം അദ്ദേഹം സ്വീകരിച്ചു.  ചന്ദ്രശേഖര്‍ പരിധിയാണ് അദ്ദേഹത്തിന് ഏറെ പ്രശസ്തി വര്‍ദ്ധിപ്പിച്ചത് .  ഒരു വെള്ളക്കുള്ളനാകുവാന്‍ വേണ്ട ഏറ്റവും കൂടിയ സോളാര്‍ മാസ് ( 1.44 ) എത്രയെന്നും ന്യൂട്രോണ്‍ സ്റ്റാര്‍ , ബ്ലാക്ക് ഹോള്‍ എന്നിവ ആകുവാന്‍ വേണ്ട ഏറ്റവും കുറഞ്ഞ സോളാര്‍ മാസ് എത്രയെന്നും അദ്ദേഹം വ്യക്തമാക്കി . ഈ പരിധി ആദ്യമായി കണക്കാക്കിയത് , 1930 ല്‍ ബിരുദപഠനത്തിനായി

ഇന്ത്യയില്‍ നിന്ന് കേം‌ബ്രിഡ്‌ജിലേക്ക് ( ഇംഗ്ലണ്ട് ) ഉള്ള കന്നിയാത്രയിലായിരുന്നു.
ചന്ദ്ര എക്സ് റേ ഒബ്‌സര്‍വേറ്ററി , ചന്ദ്രശേഖര്‍ നമ്പര്‍ , 1958 ചന്ദ്ര എന്ന ആസ്റ്ററോയ്‌ഡ് ഇവക്ക് ചന്ദ്ര എന്ന പേര്‍ അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം നല്‍കപ്പെട്ടു

സോളാര്‍ മാസ് 

ജ്യോതിശാസ്ത്രത്തില്‍ നക്ഷത്രങ്ങളുടെ മാസ് അളക്കുവാന്‍ ഉപയോഗിക്കുന്ന യൂണിറ്റാണ് സോളാര്‍ മാസ് . അതായത് ഒരു സോളാര്‍ മാസ് എന്നുപറഞ്ഞാല്‍ സൂര്യന്റെ മാസിനു തുല്യമാണ് .

ബൈനറി സ്റ്റാര്‍ 

ഇത് രണ്ട് നക്ഷത്രങ്ങള്‍ അടങ്ങുന്ന ഒരു നക്ഷത്രവ്യൂഹമാണ് . ഇതിലെ ഏറ്റവും പ്രകാശമേറിയ നക്ഷത്രത്തെ പ്രൈമറി സ്റ്റാര്‍ എന്നും  മറ്റേതിനെ കം‌പാനിയന്‍ സ്റ്റാര്‍ എന്നും പറയുന്നു

വൈറ്റ് ഡാര്‍ഫ്  ( വെള്ളക്കുള്ളന്‍ )


ഇതിന്റെ മാസ് സൂര്യനോടടുത്തുവരുമെങ്കിലും വ്യാപ്തം   ഏകദേശം ഭൂമിയുടേതിനു തുല്യമായിരിക്കും . നമ്മുടെ ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന വൈറ്റ് ഡാര്‍ഫ് sirius B ആണ് . ഇത് 8.6 പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്നു. ഇത് നക്ഷത്രപരിണാമത്തിന്റെ അവസാനഘട്ടങ്ങളിലൊന്നാണ് . ന്യൂട്രോണ്‍ സ്റ്റാര്‍ ആകുവാന്‍ പറ്റാത്ത മാസുള്ള എല്ലാ നക്ഷത്രങ്ങളും ഇതില്‍ എത്തിച്ചേരുന്നു.  നമ്മുടെ പ്രപഞ്ചത്തിലെ 97 ശതമാനം നക്ഷത്രങ്ങളും ഇത്തരത്തിലുള്ളവയാണ്


ബ്ലാക്ക് ഡാര്‍ഫ്  ( കറുത്ത കുള്ളന്‍ ) 


ഒരു വൈറ്റ് ഡാര്‍ഫിന് താപവും വെളിച്ചവും പുറപ്പെടുവിക്കാന്‍ കഴിയാത്തപ്പോള്‍ അത് ബ്ലാക്ക് ഡാര്‍ഫ് ആയിത്തീരുന്നു. പക്ഷെ , ഇത്തരത്തില്‍ ഒരു വെള്ളക്കുള്ളന് കറുത്ത കുള്ളനായി തീരുവാന്‍ വേണ്ട സമയം നമ്മുടെ പ്രപഞ്ചത്തിന്റെ പ്രായത്തിനേക്കാള്‍ ( 13.8 ബില്യണ്‍ വര്‍ഷം ) കൂടുതലാണ് . അതിനാല്‍  ഇതേവരേക്കും  ഒരു ബ്ലാക്ക് ഡാര്‍ഫ്  നമ്മുടെ പ്രപഞ്ചത്തില്‍ ഉണ്ട് എന്ന് വിചാരിക്കുന്നില്ല
കടപ്പാട് : നാസ , വിക്കിപ്പീഡിയ

No comments:

Get Blogger Falling Objects