Thursday, June 13, 2013

1018.കൊതുക് നിവാരണം - വിദ്യാര്‍ത്ഥികളുടെയും വിവിധ സ്ഥാപന മേലധികാരികളുടെയും ശ്രദ്ധയ്ക്ക്




കൊതുക്ജന്യ രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ശുചിത്വ ബോധവത്കരണ പരിപാടികള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ സ്‌കൂളും പരിസരവും, സ്വന്തം വീടും പരിസരവും, ചുറ്റുപാടുമുളള വീടുകളുടെയും ശുചിത്വം ഉറപ്പാക്കണം. ഡെങ്കി കൊതുകള്‍ 200 മീറ്റര്‍ ദൂരം വരെ പറന്നെത്തുന്നവയാകയാല്‍ ചുറ്റുപാടുകളുടെ ശുചിത്വം അനിവാര്യമാണ്. കുട്ടികളെല്ലാവരും വീടുകളില്‍ കൊതുകു നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി അദ്ധ്യാപകര്‍ ഉറപ്പുവരുത്തണം. ജൂണ്‍ 16, 23, 30 തീയതികളിലും തുടര്‍ന്ന് മഴ അവസാനിക്കുന്നതു വരെയും വീട്ടിലും അടുത്തുളള രണ്ടു വീടുകളിലെയും വെളളം കെട്ടി നില്‍ക്കുന്ന പാത്രങ്ങള്‍, ചട്ടികള്‍, ടയറുകള്‍, കക്കൂസ് ടാങ്കുകള്‍, ചാണകക്കുഴികള്‍, ഓടകള്‍, ഫ്രിഡ്ജ്, ചെടിച്ചട്ടി, ടെറസ്, സണ്‍ഷെയ്ഡ് എന്നിവിടങ്ങളില്‍ ഇലകളും ചപ്പുച്ചവറുകളും നീക്കി കെട്ടിനില്‍ക്കുന്ന വെളളം ഒഴുക്കിക്കളയണം. വീടിന്റെ മുറ്റത്ത് നട്ടുവളര്‍ത്തുന്ന അധികമായി പന്തലിച്ച ചെടികള്‍ വെട്ടിനിര്‍ത്തുക, മരപ്പൊത്തുകള്‍, വാഴ, ചേമ്പ്, പൈനാപ്പിള്‍ എന്നിവയുടെ ഇലകളില്‍ കെട്ടിനില്‍ക്കുന്ന വെളളം ഒഴുക്കിക്കളയുക, റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ കമഴ്ത്തി വയ്ക്കുക, വീട്ടിനുളളില്‍ ജലം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങള്‍ മുടിവയ്ക്കുക, ആഴ്ചയിലൊരിക്കല്‍ പാത്രം വൃത്തിയാക്കി ഉണക്കിയശേഷം ജലം ശേഖരിച്ചു മൂടിവയ്ക്കുക എന്നിവയും ചെയ്യണം. വീടിന്റെ ജനാലകളും വാതിലുകളും ഉച്ച മുതല്‍ മുഴുവന്‍ സമയവും അടച്ചിടണം. ഓഫീസുകള്‍, കടകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ പിറകുഭാഗത്ത് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് നീക്കം ചെയ്യണം. കാടുപിടിച്ചു പടര്‍ന്ന് നില്‍ക്കുന്ന ചെടികള്‍ ഉള്‍പ്പെടെയുളളവയെല്ലാം, ജൂണ്‍ 14, 15 തീയതികളില്‍ നീക്കം ചെയ്യുവാന്‍ ഓഫീസ് മേലധികാരികളും, ബന്ധപ്പെട്ട മാനേജര്‍മാരും മുന്‍കൈ എടുക്കണമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.

No comments:

Get Blogger Falling Objects