Tuesday, May 15, 2007

11. Std:VIII ഫിസിക്സ് (ചോദ്യോത്തരങ്ങള്‍ )

1.ഷീബയും ബീനയും തമ്മിലൊരു തര്‍ക്കമുണ്ടായി .മനുഷ്യശരീരത്തിന്റെ ഊഷ്മാവ് 37 ഡിഗ്രിയാണെന്ന് ഷീബ പറഞ്ഞു. പക്ഷെ ബീനയുടെ അഭിപ്രയാത്തില്‍ 98.6 ഡിഗ്രിയാണെന്നാണ്. ഇവരില്‍ ആരുടെ അഭിപ്രായമാണ് ശരി? എന്താണ് അതിനു കാരണം ?
2.ശാരിക്കു പനിക്കുന്നതുപോലെ തോന്നി.അപ്പോള്‍ അവളുടെ ചേട്ടന്‍ ഒരു തെര്‍മോമീറ്റര്‍ ഉപയോഗിച്ച് അവളുടെ പനി അളന്നു. 102 ഡിഗ്രി പനിയുണ്ടെന്നു് അവളുടെ ചേട്ടന്‍ പറഞ്ഞു. ഇവിടെ 102 ഡിഗ്രി എന്നത് ഏതു സ്കെയിലിലാണ് ശാരിയുടെ ചേട്ടന്‍ പറഞ്ഞത് ?102 ഡിഗ്രി എന്നത് ശാരിയുടെ ശരീരത്തിന്റെ താപമാണോ അതോ താപനിലയോ ? പനി വന്നപ്പോള്‍ ശാരിക്ക് സധാരണനിലവിട്ട് എത്ര ഡിഗ്രി ചൂടുകൂടുതലുണ്ടായി?
3.ടി .വിയില്‍ താപനില പ്രസ്താവിക്കുന്നതു കേട്ടപ്പോള്‍ ടോമിനു് ഒരു ആഗ്രഹം തോന്നി.തന്റെ വളപ്പിലെ താപനില അളന്നുനോക്കിയാലോ? ഇതിനുവേണ്ടി ടോം ഒരു തെര്‍മോമീറ്റര്‍ സംഘടിപ്പിച്ചു.ഏകദേശം ഉച്ചസമയത്ത് തെര്‍മോമീറ്റര്‍ വെയിലത്തുവെച്ചു.ടോമിന്റെ ഈ ഉദ്യമത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്ത് ? ഈ ഉദ്യമം വിജയിക്കുമോ ? എന്തായിരിക്കും ടോമിന്റെ പരീക്ഷണഫലം ?
4.രാജുവും കൂട്ടരും ഒരു പെന്‍സില്‍ റിയോസ്റ്റാറ്റ് നിര്‍മ്മിക്കാമെന്നു തീരുമാനിച്ചു.അതിനു വേണ്ടി അവര്‍ 1.5 വോള്‍ട്ടിന്റെ ഒരു സെല്ലും ഒരു L.E.D യും പകുതിപൊളിച്ച ഒരു വലിയ പെന്‍സിലുമാണ് അവര്‍ ഉപയോഗിച്ചത്.പെന്‍സില്‍ റിയോസ്റ്റാറ്റ് നിര്‍മ്മിക്കാനുള്ള അവരുടെ ശ്രമം വിജയിക്കുമോ? നിങ്ങളുടെ അഭിപ്രായമെന്ത് ?
5. മിന്നല്‍ A.C.യാണോ D.C യാണോ ?
6. ഇടിനാദമാണോ മിന്നലാണോ കൂടുതല്‍ അപകടകരം ? എന്തുകൊണ്ട് ?
7.സ്ക്കൂളിലെ സയന്‍സ് ടീച്ചറുടെ നേതൃത്വത്തില്‍ കുട്ടികള്‍ മിന്നല്‍ മൂലം നാശനഷ്ടം സംഭവിച്ച സ്ഥലം സന്ദര്‍ശിയ്ക്കാനെത്തി .കുട്ടികള്‍ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു . ഇടിയും മിന്നലും ഒരേ സമയത്താണ് ഉണ്ടായതെന്ന് സമീപവാസികള്‍ പറഞ്ഞു. ഇതു ശരിയാണോ ? എന്തുകൊണ്ട് ?
നാശം കണ്ട് ഭയന്നുനില്‍ക്കുന്ന കുട്ടികളെ ആശ്വസിപ്പിച്ചുകൊണ്ട് ടീച്ചര്‍ പറഞ്ഞു , “എല്ലാ മിന്നലിനേയും ഭയക്കേണ്ടതില്ല “ . ഏതുതരത്തിലുള്ള മിന്നലുകളെയാണ് നമുക്ക് ഭയക്കേണ്ടതില്ലാത്തത് ?
8. ഇടിമിന്നലുമായി ബന്ധപ്പെട്ട് സെമിനാര്‍ ക്ലാസില്‍ അവതരിപ്പിച്ചപ്പോള്‍ സജീവ് ചോദിച്ചു, “ചില സന്ദര്‍ഭങ്ങളില്‍ മിന്നല്‍ കാണാറുണ്ട് .പക്ഷെ, ഇടിനാദം കേള്‍ക്കാറില്ല .എന്താണ് ഇതിനു കാരണം ? “ ഉടന്‍‌തന്നെ ബാബുവിന്റെ കമന്റ് വന്നു, “ അത് സജീവിന്റെ ചെവിയുടെ തകരാറായിരിയ്ക്കും “ . ക്ലാസ്സില്‍ അത് കൂട്ടച്ചിരിയുണ്ടാക്കി.നിങ്ങളാണ് ക്ലാസ്സിലെ മോഡറേറ്ററെങ്കില്‍ ഈ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യും ? സജീവിന്റെ ചോദ്യത്തില്‍ കഴമ്പുണ്ടോ ?
9.രവിയും ശശിയും കൂടി ഒരു ഇലക്ട്രോസ്കോപ്പ് നിര്‍മ്മിയ്ക്കുകയായിരുന്നു. അപ്പോള്‍ ശശി ചില ചോദ്യങ്ങള്‍ രവിയോട് ചോദിച്ചു. അവ താഴെക്കൊടുക്കുന്നു. നിങ്ങള്‍ക്ക് അതിന് ഉത്തരം കണ്ടെത്താമോ ?
(a) കുപ്പിയുടെ അടപ്പായി പ്ലാസ്റ്റിക്ക് വേണമെന്ന് പറയാന്‍ കാരണമെന്ത് ?
(b) നിര്‍മ്മാണത്തിനുവേണ്ടി ലോഹക്കുപ്പി എടുത്തതെന്തുകൊണ്ട് ?
(c) അലൂമിനിയം ഫോയില്‍ മടക്കി ഉപയോഗിയ്ക്കുന്നതെന്തുകൊണ്ട് ?
10. സാധാരണയായി മിന്നല്‍ ഉണ്ടായിക്കഴിഞ്ഞതിനുശേഷം മാത്രമാണ് ഇടിനാദം കേള്‍ക്കാറ് . എന്നാല്‍ ,യഥാര്‍ത്ഥത്തില്‍ അങ്ങനെത്തന്നെയാണോ സംഭവിയ്ക്കുന്നത് ?
11. നാം സംസാരിയ്ക്കുമ്പോഴും ചൂളം വിളിയ്ക്കുമ്പോഴും ശബ്ദം ഉണ്ടാകാറുണ്ട് . പക്ഷെ , അവ വ്യത്യസ്തമാണ് . എന്തുകൊണ്ട് ?

ഉത്തരങ്ങള്‍


1. രണ്ടുപേരുടേയും അഭിപ്രായം ശരിയാണ് . മനുഷ്യശരീരത്തിന്റെ ഊഷ്മാവ് സെല്‍‌ഷ്യസ് സ്കെയില്‍ അനുസരിച്ച് 37 ഡിഗ്രി സെല്‍‌ഷ്യസ് ആണ് .എന്നാല്‍ ഫാരന്‍‌ഹീറ്റ് സ്കെയിലനുസരിച്ച് 98.6 ഡിഗ്രി ഫാരന്‍‌ഹീറ്റ് ആണ്.
2.ശാരിയുടെ ചേട്ടന്‍ ഉപയോഗിച്ച തെര്‍മോമീറ്റര്‍ ഫാരന്‍‌ഹീറ്റ് തെര്‍മോമീറ്ററാണ്. കാരണം സെല്‍‌ഷ്യസ് സ്കെയിലില്‍ 100 ഡിഗ്രി എന്നൊക്കെ പറഞ്ഞാല്‍ അത് ജലത്തിന്റെ തിളനിലയാണല്ലോ. അത്രയും ഉയര്‍ന്ന ഊഷ്മാവില്‍, പനിമൂലം മനുഷ്യശരീരത്തിന് എത്തിച്ചേരാന്‍ സാധിക്കില്ലല്ലോ.
ഒരു വസ്തുവിലെ ആകെ താപോര്‍ജ്ജത്തിന്റെ അളവാണ് താപം. എന്നാല്‍ ഒരു വസ്തുവിലെ ശരാശരി താപോര്‍ജ്ജത്തിന്റെ അളവാണ് താപനില. അതിനാല്‍ ശാരിയുടെ ചേട്ടന്‍ അളന്നത് ‘ താപനില'യാണ്.
ഫാരന്‍‌ഹീറ്റ് സ്കെയില്‍ പ്രകാരം മനുഷ്യശരീരത്തിന്റെ സാധാരണ ഊഷ്മാവ് (ഏകദേശം ) 98.6 ഡിഗ്രി സെല്‍‌ഷ്യസ് ആണ് . അതുകൊണ്ട് , ശാരിയ്ക്ക് സാധാരണ നിലവിട്ട് കൂടുതലുണ്ടായ ചൂട്=102-98.6 =3.4 ഡിഗ്രി
3. ടോമിന്റെ ഉദ്യമം വിജയിക്കുകയില്ല. കാരണം ,തെര്‍മോമീറ്റര്‍ വെയിലത്തുവെച്ചാല്‍ ഗ്ലാസ് ചൂടാകുന്നു. തന്നിമിത്തം പ്രസ്തുത ഊഷ്മാവാണ് തെര്‍മോമീറ്റര്‍ കാണിയ്ക്കുക. അന്തരീക്ഷത്തിന്റെ ഊഷ്മാവ് അളക്കുവാന്‍ മാക്സിമ-മിനിമ തെര്‍മോമീറ്ററാണ് ഉപയോഗിയ്ക്കുന്നത് .
4.പെന്‍സില്‍ റിയോസ്റ്റാറ്റ് നിര്‍മ്മിയ്ക്കാമെങ്കിലും ; പ്രവര്‍ത്തിപ്പിയ്ക്കാന്‍ ബുദ്ധിമുട്ടാണ് . കാരണം, സാധാരണ ഗതിയില്‍ L.E.D പ്രകാശിയ്ക്കുവാന്‍ ചുരുങ്ങിയ പക്ഷം 3 വോള്‍ട്ടെങ്കിലും വേണം. L.E.D യ്ക്കു പകരം ടോര്‍ച്ചുബള്‍ബാണ് ഉപയോഗിച്ചതെങ്കില്‍ , ബള്‍ബിന്റെ പ്രകാശത്തിന്റെ ഏറ്റക്കുറച്ചില്‍ വ്യക്തമായി കാണാം.
5.മിന്നല്‍ A.C യുമല്ല, D.C യുമല്ല .അത് സ്ഥിതവൈദ്യുതിയാണ്.(Static Electricity )
6. മിന്നല്‍ വളരേ ഉയര്‍ന്ന വൈദ്യുതോര്‍ജ്ജമാണ് .ഇടിനാദം ഉച്ചത്തിലുള്ള ശബ്ദോര്‍ജ്ജമാണ്. ഇതില്‍നിന്നുതന്നെ മിന്നലാണ് അപകടകാരി എന്ന് മനസ്സിലാക്കാമല്ലോ.
7.മിന്നല്‍ വളരേ അടുത്താണ് ഉണ്ടായതെങ്കില്‍ , രണ്ടും ഒരേ സമയത്തായീട്ടാണ് നമുക്ക് അനുഭവപ്പെടുക .ഇത്തരം മിന്നലുകള്‍ വളരേ അപകടകാരികളാണ്. വളരേ അകലെയുള്ള മിന്നലുകളെ നമുക്ക് ഭയക്കേണ്ടതില്ല. ഇത്തരം മിന്നലുകളുണ്ടാക്കുന്ന ഇടിനാദം വളരേ ചെറിയ ശബ്ദത്തിലേ കേള്‍ക്കുകയുള്ളൂ. (ചിലപ്പോള്‍ കേട്ടെന്നുമിരിയ്ക്കുകയില്ല. ) അതുപോലെത്തന്നെ ,ആകാശത്തില്‍ ,വളരേ അകലെ മേഘങ്ങള്‍ തമ്മിലുണ്ടാകുന്ന മിന്നലും ഭൂമിലില്‍ നില്‍ക്കുന്ന നമുക്ക് അപകടം ഉണ്ടാക്കുകയില്ല.
8. പരിഹാസം ജനിപ്പിയ്ക്കുന്ന കമന്റുകള്‍ സെമിനാറിന്റെ ഗൌരവം നഷ്ടപ്പെടുത്തും . അത് പഠനത്തിനു തടസ്സമാകുന്ന പല പ്രശ്നങ്ങളും വരുത്തിവെയ്ക്കും. അതിനാല്‍ സെമിനാര്‍ നടത്തുമ്പോള്‍ അനുവര്‍ത്തിയ്ക്കേണ്ട നിയമങ്ങള്‍ ഒന്നുകൂടി ഓര്‍മ്മിപ്പിയ്ക്കും.
സജീവിന്റെ ചോദ്യത്തില്‍ കഴമ്പുണ്ട് . അത്തരം മിന്നലുകള്‍ വളരേ അകലെയുള്ളതായിരിയ്ക്കും. അതിനാല്‍ ശബ്ദതരംഗങ്ങള്‍ ശ്രോതാവിന്റെ ചെവിയില്‍ എത്തിച്ചേരുന്നില്ല.
9. (a)കുപ്പിയുടെ അടപ്പ് ലോഹമാണെങ്കില്‍ , സ്ഥിതവൈദ്യുതചാര്‍ജ്ജ് ഉള്ളിലേയ്ക്ക് ആഗിരണം ചെയ്തുപോകും.പ്ലാസ്റ്റിക്കാണെങ്കില്‍ സ്ഥിതവൈദ്യുതചാര്‍ജ്ജ് ഉപരിതലത്തില്‍ മാത്രമായി നില്‍ക്കുന്നു.
(b)ഗ്ലാസ് കുപ്പി എടുത്താല്‍ മാത്രമേ ഫോയിലിന്റെ ‘വികര്‍ഷണം-സങ്കോചം’എന്നിവ പുറമേനിന്നു കാണുവാന്‍ സാധിയ്ക്കുകയുള്ളൂ.
(c) ഒരേയിനം ചാര്‍ജ്ജുകള്‍ വികര്‍ഷിയ്ക്കുമല്ലോ. മടക്കി ഉപയോഗിയ്ക്കുമ്പോള്‍ ഫോയിലിലെ ചാര്‍ജ്ജ് നിമിത്തം ദളങ്ങള്‍ വികര്‍ഷിക്കുന്നത് ദര്‍ശിയ്ക്കാന്‍ കഴിയുന്നു. അങ്ങനെ ചാര്‍ജ്ജിന്റെ സാനിദ്ധ്യം ഉറപ്പിയ്ക്കുന്നു.
10. മിന്നല്‍ ഉണ്ടായിക്കഴിഞ്ഞതിനുശേഷം ശബ്ദം കേള്‍ക്കുന്നതിനു കാരണമായി പറയുന്നത് ; പ്രകാശം ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നു എന്നതാണ്. എന്നാല്‍ തൊട്ടടുത്താണ് മിന്നല്‍ ഉണ്ടാകുന്നതെങ്കില്‍ രണ്ടും ഒരുമിച്ചാണ് കേള്‍ക്കുക എന്ന വസ്തുത മുന്‍പ് പറഞ്ഞുവല്ലോ. പക്ഷെ , യഥാര്‍ത്ഥത്തില്‍ മിന്നലാണ് ആദ്യം ഉണ്ടാകുന്നത് . മിന്നലുണ്ടാകുന്നതിന്റെ ഫലമായി വായുചൂടുപിടിച്ച് വികസിയ്ക്കുന്നു.അപ്പോള്‍ അവിടേയ്ക്ക് തണുത്ത വായു പ്രവഹിയ്ക്കുന്നു. അപ്പോഴുണ്ടാകുന്ന അലകളാണ് ഇടിനാദം . അപ്പോള്‍ വളരേ അടുത്ത് മിന്നലുണ്ടാകുമ്പോള്‍ എന്തുകൊണ്ടാണ് രണ്ടും ഒരേ സമയത്ത് അനുഭവപ്പെടുന്നുവെന്ന് നിങ്ങള്‍ ചോദിച്ചേക്കാം. അതിനുകാരണമായി പറയുന്നത് , മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ക്ക് സെക്കന്റിലൊരംശം സമയത്തെ (Fraction of a Second ) വേര്‍തിരിച്ചറിയാനുള്ള ശേഷി ഇല്ലാത്തതുകോണ്ടാണ് എന്നത്രെ!
11.നാം സംസാരിയ്ക്കുമ്പോള്‍ സ്വനതന്തുവിന്റെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത് . എന്നാല്‍ ചൂളം വിളിയ്ക്കുമ്പോള്‍ വായയിലെ വായുയൂപത്തിന്റെ ( Air column ) കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത്

4 comments:

SEEYES said...

മേഘത്തിലെ സ്ഥിരവൈദ്യുതി DC ആയി ഒഴുകുന്നതല്ലേ മിന്നല്‍? വൈദ്യുതിയുടെ പ്രവാഹം എങ്ങനെ സ്ഥിരവൈദ്യുതിയാകും?

Dinkan-ഡിങ്കന്‍ said...

Very Good Work

നന്ദ said...

പ്രത്യേകിച്ച് ഒരു നിശ്ചിത ആവൃത്തി ഇല്ലാത്ത, പീരിയോഡിക്ക് അല്ലാത്ത അതിദ്രുത വിദ്യുത്പ്രവാഹമാണ് മിന്നല്‍. AC എന്നു പറയാന്‍ പറ്റില്ല. Pole Alternation നടക്കുന്നില്ല. അതേ സമയം ഒരേ നിലയില്‍ സ്ഥിരമായ അളവിലുള്ള DC യുമല്ല. Transient Pulse എന്നേ പറഞ്ഞുകൂടൂ.

ഒരു DC സര്‍ക്കീട്ടില്‍ സ്വിച്ച് ഓണ്‍ ആക്കിയാല്‍ ഉടന്‍ തന്നെ സ്ഥിരമായ DC വരുന്നില്ല. ഹ്രസ്വമായ സമയത്തേക്ക് (Rise time) അതിന് AC-യുടെ സ്വഭാവമുണ്ട്. ദിശ മാറുന്നില്ലെങ്കില്‍ പോലും AC സര്‍‌ക്കീട്ടുകളുടെ സ്വഭാവങ്ങള്‍ (Inductance, Capacitance) തുടങ്ങിയവ ഈ സമയത്തേക്ക് ബാധകമാണ്.

അതുപോലെ തന്നെ സ്വിച്ച് ഓഫ് ആക്കുമ്പോള്‍ Fall Time എന്ന ഒരു ഘട്ടവും ഉണ്ടാവും.

ഈ രണ്ടു ഘട്ടവും (പല ആവൃത്തിയില്‍)വളരെപെട്ടെന്നു തുടങ്ങിയൊടുങ്ങുന്ന പ്രതിഭാസമാണ് ഇടിമിന്നല്‍.


ആദ്യം മിന്നലും പിന്നെ ശബ്ദവും കേള്‍ക്കുന്നതിനുള്ള യഥാര്‍ത്ഥ കാരണം വിശദീകരിച്ചത് നന്നായി. സാധാരണ എല്ലായിടത്തും കാണുന്നതും പഠിപ്പിക്കുന്നതും പ്രകാശത്തിന്റേയും ശബ്ദത്തിന്റേയും പ്രവേഗവ്യത്യാസം എന്ന ഒരു കാരണം മാത്രമാണ്.

മാവേലികേരളം(Maveli Keralam) said...

മാഷേ

ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരത്തില്‍ ഒരു മറിച്ചഭിപ്രായം രേഖപ്പെടുത്തുന്നു.

ഫിസിക്സില്‍ ഉത്തരമായി വരുന്ന അളവുകള്‍ക്ക് കൃത്യമായ ഏകകങ്ങള്‍ ആവശ്യമാണ്.

അതിനാല്‍ താപനില 37ഡിഗ്രി അല്ലെങ്കില്‍ 98.6 ഡിഗ്രി എന്നു പറഞ്ഞാല്‍ അതിന്റെ ഏകകങ്ങള്‍ അപൂര്‍ണമാണ്. അതുകൊണ്ട് ആ ഉത്തരങ്ങള്‍ ശരിയാണ് എന്നുപറയാന്‍ പറ്റുമോ?

37ഡിഗ്രി സെല്‍-ഷിയസ്, 98,6 ഡിഗ്രി ഫാരന്‍-ഹേറ്റ് എന്നു പ്രത്യേകം പറഞ്ഞാലേ ഉത്തരങ്ങള്‍ ശരിയാണ്‍് എന്നു പറയാന്‍ സാധിയ്ക്കൂ എന്നാണ് എന്റെ അഭിപ്രായം.

അതുപോലെ താഴെപ്പറയുന്ന മാഷിന്റെ ഉത്തരത്തില്‍ 98,6 ഡിഗ്രി,ഫാരന്‍-ഹെറ്റ് എന്നാണ് വേണ്ടത്.
‘എന്നാല്‍ ഫാരന്‍‌ഹീറ്റ് സ്കെയിലനുസരിച്ച് 98.6 ഡിഗ്രി സെല്‍‌ഷ്യസ് ആണ്‘.

ചോദ്യയം 9
(a) കുപ്പിയുടെ അടപ്പായി പ്ലാസ്റ്റിക്ക് വേണമെന്ന് പറയാന്‍ കാരണമെന്ത് ?

ഇവിടെ കുപ്പിയുടെ അടപ്പ് ഇലെക്ട്രോസ്കോപ്പിന്റ് ടോപ്പ് ആയിട്ടാണ് വരുന്നത് എന്നു കരുതുന്നു.

എങ്കില്‍ അതു പ്ലാസ്റ്റിക്ക് ആയിക്കൂടാ എന്നാണ് എന്റെ അഭിപ്രായം.

കരണം, ഇലക്ട്രോസ്ക്കോപ്പിന്റെ ടോപ്, അതിനെ ടിന്‍ ഫോയിലുമായി ബന്ധിപ്പിയ്ക്കുന്ന ദണ്ട്, ഇവയെല്ലാം കണ്‍-ഡക്ടിങ് മെറ്റീരിയല്‍-സ് ആയിരിയ്ക്കണം.താഴെക്കാണുന്ന ലിങ്കില്‍ നോക്കുക.

http://www.glenbrook.k12.il.us/gbssci/phys/mmedia/estatics/esn.html.

പ്ലാസ്റ്റിക് ഒരു ഇലക്ടികല്‍ കണ്‍-ഡക്റ്റര്‍ അല്ലല്ലോ.

പിന്നെ ‘കുപ്പിയുടെ അടപ്പ് ലോഹമാണെങ്കില്‍ , സ്ഥിതവൈദ്യുതചാര്‍ജ്ജ് ഉള്ളിലേയ്ക്ക് ആഗിരണം ചെയ്തുപോകും‘എന്നെഴുതിയിരിയ്ക്കുന്നു.

ചാര്‍ജുകള്‍ അങ്ങനെ ആഗിരണം ചെയ്യപ്പെടുന്നില്ല. അവ എപ്പോഴും പ്രതലത്തില്‍ മാത്രമേ കാണുന്നുള്ളൂ.കാരണം പ്രതലത്തിലുള്ള ആറ്റങ്ങള്‍ക്കു മത്രമേ അവയുടെ ഇലക്ട്രോണ്‍സു നഷ്ട്പ്പെടുന്നുള്ളു.

മാഷിന്റെ ഉദ്യമങ്ങള്‍ വളരെ വിലപ്പെട്ടതാണ്.
ഒരു കാര്യം ചോദിയ്ക്കട്ടെ, നാട്ടില്‍ മലയാളം മീഡിയത്തില്‍ പഠിയ്ക്കുന്ന കുട്ടികളുടെ ഇടയില്‍ ഈ ബ്ലോഗു വായിയ്ക്കുന്നവരുണ്ട്?

Get Blogger Falling Objects