Tuesday, October 12, 2010

277. വിദ്യാര്‍ത്ഥികള്‍ക്ക് വോട്ടവകാശം വേണമെന്നോ ?

ഒന്നാമത്തെ പിരീഡ് ......
മാഷ് ക്ലാസിലെത്തി ........
ഹാജര്‍ വിളിച്ചു...........
രജിസ്റ്റര്‍ അടച്ചുവെച്ചു.

സാമൂഹ്യം മാഷാണ് ..
അതുകൊണ്ടുതന്നെ പാഠമെടുത്തു തുടങ്ങുന്നതിനുമുമ്പേ അപ്പപ്പോഴത്തെ സാമൂഹിക പ്രസക്തിയുള്ള പലതും ക്ലാസില്‍ പറയാറുണ്ട്.
അത് കുട്ടികള്‍ക്കും ഇഷ്ടമാണുതാനും .
 പാഠപുസ്തകവുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകളാണ്  മാഷിന്റെ ഈ അഞ്ചുമിനിട്ടുനേരത്തെ സീറോ അവറിലെ പ്രതിപാദ്യവിഷയം ആകാറുള്ളത് .
ക്ലാസിലെ ഏത് മോശമായ കുട്ടിക്കുപോലും  മാഷിന്റെ ഈ `‘സീറോ അവര്‍‘ വല്യിയ ഇഷ്ടമാണ് .
അങ്ങനെ അന്നേദിവസത്തെ സീറോ അവര്‍ വിഷയം പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആയിരുന്നു.
ഈ ടോപ്പിക്ക് പാഠഭാഗവുമായിരുന്നു.
മാഷ് പ്രഭാഷണം തുടങ്ങി.
ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പിന്റെ ചരിത്രം .....
പണക്കാര്‍ക്കുമാത്രം വോട്ടവകാശമുള്ള അവസ്ഥ....
നികുതിയടക്കുന്നവര്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്ന രാജ്യങ്ങള്‍ ...
വിദ്യാഭ്യാസമുള്ളവര്‍ക്ക് വോട്ടവകാശമുണ്ടായിരുന്ന അവസ്ഥ..
സ്ത്രീകള്‍ക്ക് വോട്ടവകാശമില്ലായ്മ......
ഇന്ത്യന്‍ ജനാധിപത്യം......
ഇന്ത്യന്‍ ഭരണഘടന ....
അതിന്റെ കരുത്തുകൊണ്ട് നാം ഇത്രനാളും ജനാധിപത്യമാര്‍ഗ്ഗത്തില്‍ക്കൂടി മുന്നേറുന്ന അവസ്ഥ...
പാര്‍ളിമെന്റ് , നിയമസഭ  എന്നിവയിലെ പൊളിറ്റിക്സും  പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പോളിറ്റിക്സും തമ്മിലുള്ള വ്യത്യാസം ..
എന്നിവയൊക്കെ ചുരുക്കി ലളിതമായി മാഷ് പറഞ്ഞ് അവസാനിപ്പിച്ചു.
തുടര്‍ന്ന് പാഠപുസ്തകത്തിലേക്ക് നീങ്ങാന്‍ ആരംഭിക്കുമ്പോള്‍....
ആമ്പിള്ളേരുടെ ബെഞ്ചില്‍ നിന്ന് കുശുകുശുപ്പ് ..
“ എന്താ , അവിടെ ...” മാഷ് ഗൌരവത്തില്‍ ചോദിച്ചു
“ അതേ  , ഇവന്‍ പറയാ....”
“ എന്തുണ്ടെങ്കിലും എണീറ്റു നിന്ന് പറയ് “ മാഷ് ഗൌരവത്തിലായി.
പിന്നെ ഒരനക്കവുമില്ല.
പക്ഷെ , തൊട്ട് എതിര്‍വശത്തിരിക്കുന്ന പെണ്‍പിള്ളേരുടെ മുഖത്തെ പുഞ്ചിരിയില്‍ നിന്ന്  എന്തോ ഉണ്ടായിട്ടുണ്ട് എന്ന് മാഷ് ഊഹിച്ചു.
ചിലപ്പോള്‍ തന്റെ ഗൌരവം കണ്ടീട്ടയിരിക്കാം ഈ നിശ്ശബ്ദത .
“ എന്തായാലും പറയ് “ മാഷ് ശാന്തനായി.
മാഷിന്റെ മുഖഭാവം കുഴപ്പമില്ല എന്ന് കണ്ടീട്ടാവണം ...
ബാക്ക് ബഞ്ചിലെ ഭരത് എണീറ്റു നിന്നുപറഞ്ഞു.
“ മാഷേ കുട്ട്യോള്‍ക്ക് എന്താ വോട്ടവകാശം ഇല്ലാത്തേ ?”
ക്ലാസ് പെട്ടെന്ന് പൊട്ടിച്ചിരിച്ചു.
മാഷും ചിരിച്ചുപോയി.
“ വോട്ടവകാശത്തിന് നിശ്ചിത പ്രായം വേണമെന്നറിയില്ലേ “ മാഷ് ചോദിച്ചു
“അത് ഇനിയും കുറക്കുമോ എന്നാണ് അറിയേണ്ടത് “ ഇപ്പോള്‍ മഹേഷ് ആണ് ചോദിച്ചത് .

“ പണ്ട് പെണ്ണുങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്കുമൊക്കെ ചില രാജ്യങ്ങളില്‍ വോട്ടവകാം ഇല്ലായിരുന്നല്ലോ .അത് മാറി പ്രായപൂര്‍ത്തി വോട്ടവകാം വന്നില്ലേ . അതുപോലെ എന്നാ ഇനി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വോട്ടവകാശം ലഭിക്കുക ?” ചോദിച്ചത് വാര്‍ഡുമെമ്പറുടെ മകളായ ഹസീനയാണ്.
സംഗതിപുലിവാലായല്ലോ - മാഷ് ആലോചിച്ചു.
ഇനി ഇപ്പോ എന്താ ചെയ്യാ....
“ പ്രായപൂര്‍ത്തിയാകുന്നതോടെ നമുക്ക് കാര്യങ്ങളൊക്കെ തീരുമാനിക്കാനുള്ള പക്വത വരുന്നു. അതുകൊണ്ടാണ് പ്രായപൂര്‍ത്തി വോട്ടവകാശം നിലവില്‍ വന്നേ “ മാഷ് വിശദീകരിച്ചു.
“ എന്റെ വടക്കേലെ ബഷീറിക്ക മന്ദബുദ്ധിയാ . എന്നീട്ട് ഇക്കക്കും പ്രായപൂര്‍ത്തിവോട്ടവകാശത്തിന്റെ പേരില്‍ വോട്ടുണ്ട് “ ഇടക്കുകയറി മുന്‍‌ബെഞ്ചിലിരിക്കുന്ന  കമറുദ്ദീന്‍ വെടിപൊട്ടിച്ചു.
“അതന്നെ , അതുശരിയാണൊ മാഷേ “ ഹസീന വീണ്ടും ചോദിച്ചു.
സ്കൂളിലെ ഉണ്ണിയാര്‍ച്ച എന്ന് പേരിന്നര്‍ഹയായവളാണ് . അതിനാല്‍ തന്നെ അവളോട് മല്ലടിക്കുമ്പോള്‍ സൂക്ഷിക്കണം.
കഴിഞ്ഞ മാസം പുതിയതായി വന്ന ടീച്ചര്‍ ഹസീനയെ ചൂരലെടുത്ത് തല്ലുവാനൊരുങ്ങി .
കുട്ടികളെ തല്ലുവാന്‍ പാടില്ല എന്നൊരു സര്‍ക്കാര്‍ ഓര്‍ഡര്‍ ഉണ്ടെന്നും അതിന്റെ ഫോട്ടോസ്റ്റാറ്റ് തന്റെ ഉമ്മയുടെ കയ്യിലുണ്ടെന്നും പറഞ്ഞ് ജൂനിയറായ ആ ടീച്ചറെ ക്ലാസിലിട്ട് വെള്ളം കുടിപ്പിച്ചവളാണ് ഹസീന .
ആ ഹസീനയാണ് നിലവിലുള്ള ഭരണഘടനയെ ക്ലാസില്‍ വെച്ച് വെല്ലുവിളിച്ചുകൊണ്ട് ചോദിക്കുന്നത് .
മാഷെങ്ങാനും ശരിയാണെന്നു പറഞ്ഞാല്‍ ....
അത് ......... മാഷ് ഇങ്ങനെ പറഞ്ഞു എന്ന് നാട്ടിലറിയിക്കാനും മടിക്കാ‍ത്തവളാണ്.
മാഷിനും അവളെ ഉള്ളാലെ പേടിയാണ് ; എങ്കിലും പുറത്തുകാണിക്കാറില്ല.
ഒരു വിധത്തില്‍ അവളെ മണിയടിച്ച് ക്ലാസ് കൈകാര്യം ചെയ്യുകയാണ് പതിവ് .

“ മാഷെ , അതുപോലെ വിദേശ ഇന്ത്യക്കാര്‍ക്കും വോട്ടുവേണം” കമറുദ്ദീന്‍ വീണ്ടും എണീറ്റുനിന്നു പറഞ്ഞു.
“ അവന്റെ ഉപ്പയും എളേപ്പമാരും ഗള്‍ഫിലാ . അതാ അവന്‍ ഇങ്ങനെ പറയുന്നേ  . അല്ലാതെ വിദേശ ഇന്ത്യക്കാരോട് സ്നേഹമുണ്ടായിട്ടൊന്നുമല്ലേ മാഷേ “ ഹസീന ഉച്ചത്തില്‍ വിളിച്ചൂ പറഞ്ഞു.
ഇത്തിരിപോന്ന കമറുദ്ദീന്‍ വലിയ ആ‍ളാവുന്നത് ഹസീനക്ക് പിടിക്കുന്നില്ല.
“ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ഒരു വോട്ട് എന്നക്രമത്തിലായാലും മതി “ വിശ്വം പാറഞ്ഞു.
“ അത് നാളികേരത്തിന്റെ കാര്യത്തില്‍ മതി , വോട്ടില്‍ വേണ്ട “ ഹസീന വിശ്വത്തിന്റെ കളിയാ‍ക്കിപ്പറഞ്ഞു .
സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെ നാളികേരമൊക്കെ വാങ്ങി കൊപ്രയാക്കി വില്‍ക്കുന്നത് വിശ്വത്തിന്റെ അച്ഛനാണ് . അയാളുടെ നാലുക്ക് ഒന്ന് എന്ന പ്രയോഗം നാട്ടില്‍ പാട്ടാണ്  . അതിനോടുള്ള ദേഷ്യമാണ് അവിടേ പ്രകടമായത് .
“അന്ധന്മാര്‍ക്കും വയസ്സായവര്‍ക്കും വോട്ട് ണ്ട്  . എന്നീട്ടെന്താ ഞങ്ങക്ക് വോട്ടില്ലാത്തെ “ ഭരത് ആവേശത്തില്‍ വെച്ചുകാച്ചുകയാണ്.
ഇപ്പോള്‍ ക്ലാസില്‍ ഭരതായി ശ്രദ്ധാകേന്ദ്രം !
ഹസീന ഭരതിനെ എതിര്‍ത്തില്ല.
കാരണം  ഹസീനക്ക് ഭരതിനെ നേരിട്ടെതിര്‍ക്കാനുള്ള ധൈര്യം പോരാ. വായിച്ചുള്ള അറീവ് ഭരതിന് കൂടുതലാണ് . അതുതന്നെ കാര്യം .
“തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥികള്‍ക്കും സംവരണം വേണം “ കമറുദ്ദീന്‍ വിട്ടുതരുന്ന മട്ടില്ല.
“ അതില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേക സംവരണം വേണം” എങ്ങാനും അത് യാഥാര്‍ത്ഥ്യമായാല്‍ തനിക്ക് സീറ്റ് ഉറപ്പാക്കിക്കുകയാണ് ഹസീന .ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥിനികള്‍ക്ക് സംവരണമുള്ള ഡിവിഷനുകളുമുണ്ടായിരുന്നു.
എന്തായാലും പോരേണ്ടതൊക്കെ പോരട്ടെ എന്നായി മാഷ് .
അപ്പോള്‍ നിങ്ങളുടെ അഭിപ്രായത്തില്‍ എത്രാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ മുതലാണ് വോട്ടുവേണ്ടത് “എന്നായി  മാഷ്
“ പത്താം ക്ലാസ് “ ഉത്തരം കൂട്ടത്തോടെയായിരുന്നു.
കാരണം ഇവര്‍ പത്തിലാണല്ലോ പഠിക്കുന്നത് .
അതിന്റെ യുക്തി മാഷിന് പിടികിട്ടി.
“ അപ്പോള്‍ ഒന്നുതൊട്ട് ഒമ്പതുവരെയുള്ളവര്‍ക്കുവേണ്ടെ വോട്ടവകാശം”
മാഷ് ചോദിച്ചു.
അവിടെ ഒരു നിശ്ശബ്ദത പടര്‍ന്നു.
ഹസീന എതിര്‍ക്കുന്നില്ല.
“ നഴ്‌സറി കുറ്റികള്‍ക്കും വേണ്ടെ വോട്ടവകാശം . അവര്‍ക്ക് തെരഞ്ഞെടുപ്പ് എന്താണെന്നു കൂടി അറിയില്ല”
മാഷ് ഒന്നുകൂടി ചോദിച്ചു .
ഇപ്പോ മാഷിന്റെ യുക്തി പിള്ളേര്‍ക്ക് കുറേശ്ശെ പിടികിട്ടി .
:“ അപ്പോള്‍ എന്താ ചെയ്യാ , ഭരതേ “
“ ശരിയാ , മാഷേ , ഒരടിസ്ഥാനം വേണം “ ഭരത് മറുപടി പറഞ്ഞു.
“അതിന് ഏറ്റവും നല്ല അടിസ്ഥാനം പ്രായപരിധിതന്നെയാണ് “ മാഷ് നയം വ്യക്തമാ‍ക്കി.
“ ഇനി ഇതിനെക്കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ അതുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ നമ്മുടെ സ്കൂള്‍ ലൈബ്രറിയില്‍ നിന്നോ അല്ലെങ്കില്‍ അറിവുള്ളവരില്‍ നിന്നോ ചോദിച്ചറീഞ്ഞ് നാളത്തെ സീറോ അവറില്‍ നമുക്ക് അവതരിപ്പിക്കാം .
മാഷ് ഒന്ന് ഇരുത്തി മൂളി
“ നാളത്തെ സീറോ അവര്‍ വിഷയം ‘വിദ്യാര്‍ഥികളുടെ വോട്ടവകാശം‘  “ ഹസീന ഉറക്കെ പ്രഖ്യാപിച്ചു.
തുടര്‍ന്ന് മാഷ് സമയം കളയാതെ പാഠഭാഗത്തേക്കു നീങ്ങി
ഒന്നാമത്തെ പിരീഡുകഴിഞ്ഞ് സ്റ്റാഫ് റൂമിലേക്കു നീങ്ങുമ്പോള്‍ ‘വിദ്യാര്‍ത്ഥിവോട്ടവകാശ‘ ചര്‍ച്ചക്ക് ആധാരമായ വിഷയങ്ങളെക്കുറിച്ച് കൂടുതലായി പഠിക്കണമെന്ന് മാഷ് ഉറപ്പിച്ചൂ കഴിഞ്ഞിരുന്നു.

Monday, October 11, 2010

276. ശിക്ഷാനിവാരിണീസൂത്രം ( ഹാസ്യ കവിത )

ആഴ്ച തന്നന്ത്യത്തിലെ ആദ്യമാം പിരീഡല്ലേ

ക്ലാസിലെ ടുക്കുന്നത് ഗണിത ശാസ്ത്ര വുമേ

ഗൌരവക്കാരനെന്ന് പേരുള്ള സാറാണേ ഞാന്‍

ഗൌരവം ഗണിതത്തി ലൊട്ടുമേ കുറ വില്ല

പെട്ടെന്നു ക്ലാസിന്‍ വാതി യ്ക്കലൊരു കുട്ടി വന്നേന്‍

‘വൈകിയ വിഷമവു‘ മവനില്‍ കാണു ന്നല്ലോ

“ശല്യമായല്ലോ ,ക്ലാസിന്‍ തുടര്‍ച്ച യും പോയല്ലോ“

കാലത്തെ യെന്റെ കോപം തിളച്ചൂ മറിഞ്ഞുടന്‍

“ക്ലാസീക്കടക്കട്ടേ “ യെന്നവന്‍ ചൊല്ലീ ട്ടല്ലോ

നില്‍ക്കുന്നു സര്‍വ്വ ലോക വിനയം താങ്ങീട്ടങ്ങ്

തെറിച്ച വിത്തായുള്ള കുട്ടിതന്നിപ്പോഴത്തെ

വിനയം കണ്ടു എന്നില്‍ അത്ഭുതം വിരിയുന്നു

അത്ഭുതം അരിശമായ് മാറ്റി ഞാന്‍ ,കോപത്തിന്റെ

ആറാത്ത വാക്കുകളായ് ഒന്നിച്ചു ചൊരിഞ്ഞുടന്‍

അവനോ ബുദ്ധിയുള്ളോന്‍ നില്‍ക്കുന്നു തലതാഴ്ത്തി

മുഖത്തെ ഭാവ മേതെന്നറിയാന്‍ വഴിയില്ല !

അവസാനമെന്‍ കോപം ഒട്ടൊന്നു ശമിച്ചപ്പോള്‍

സമ്മതം കൊടുത്തു ഞാന്‍ ക്ലാസീക്കയറുവാനായ്

സീറ്റില്‍ ചെന്നിരുന്നപ്പോള്‍ ഞാനവന്‍ മുഖം നോക്കി

ആമോദ ഭാവമല്ലോ മുഖത്ത് തുളുമ്പുന്നു!

പെട്ടെന്ന് യെന്റെ കോപം ആളിക്കത്തുന്നു വീണ്ടും

‘ഹോം വര്‍ക്കായ് ‘കൊടുത്തൊരു ചോദ്യങ്ങള്‍ ചോദിയ്ക്കുന്നു

മിണ്ടാട്ടം മുട്ടീട്ടല്ല ഉത്തരമറിയാ ണ്ടാണേ

നില്‍ക്കുന്നു മൌനം പൂണ്ട് തെല്ലൊരു ഭയത്തോടെ

മേശ മേലിരിയ്ക്കുന്ന ചൂരലങ്ങെടുത്തീട്ട്

കൊച്ചിളം കൈയ്യിലായി ആഞ്ഞടിച്ചല്ലോ , ഏറെ



പെട്ടെന്നൂ ക്ലാസിലാകെ ചെമ്പക പ്പൂവിന്‍ മണം

നിറഞ്ഞു കവിഞ്ഞീട്ട് അല തല്ലുന്ന തെന്താ ?

ചെമ്പക പ്പൂവിന്‍ മരം യരികിലായ് ഒരിടത്തും

ഇല്ലല്ലോ ,കാറ്റിതങ്ങ് പൂമണമെത്തിയ്ക്കാ‍നായ്

ചെമ്പക പ്പൂവിന്‍ മണ സ്രോതസ്സ റിവാനായീ

ചോദിച്ചു ഞാനുറക്കെ എന്നുടെ ക്ലാസിലായി

കുട്ടികള്‍ എല്ലാരുമേ അവനെ നോക്കുന്നല്ലോ

പുഞ്ചിരി പൂണ്ടാമുഖം വീണ്ടുമേ താഴുന്നല്ലോ

ചെമ്പകപ്പൂക്കള്‍ കൊണ്ട് നിറഞ്ഞ കീശയല്ലേ

അവന്റെ നെഞ്ചിലായി തുറിച്ചു നില്‍ക്കുന്നത്

“ചെമ്പക പ്പൂപറിയ്ക്കാന്‍ നില്പതു കോണ്ടാണിവന്‍

കാലത്തേ ക്ലാസിലായി വൈകിയങ്ങെത്തുന്നതും“

ക്ലാസിലെ പൊതുകാര്യ മെന്നോട് പറയേണ്ടോന്‍

ക്ലാസ് ലീഡര്‍ പെട്ടന്നങ്ങ് എണീറ്റ് ചൊല്ലുന്നിതാ

“നിത്യവും ചിലര്‍ക്കായി ചെമ്പക പ്പൂകൊടുക്കും

ശീലമുള്ളോരു ദാന ശീലനാ ണിവനെന്നും

ഹോം വര്‍ക്ക് ,കോപ്പികളും ഇമ്പോസിഷനുമൊക്കെ

പ്പകരമായ് കൂട്ടരെക്കൊണ്ടെ ഴുതിയ്ക്കുന്നു ഇവന്‍ “

[ ലീഡറിക്കാര്യം ചൊല്ലാന്‍ കാരണമെന്തെന്നെന്നോ?

ലീഡര്‍ക്കായ് ഇതേവരേ പ്പൂവിവന്‍ കോടുത്തീല ]

വീണ്ടു മടിച്ചെന്നാലോ ഇളം കൈ പൊട്ടു മല്ലോ

എന്നതു ഓര്‍ത്തും കൊണ്ട് വാക്കുകള്‍ അസ്ത്രമാക്കി

വാക്കെന്ന ദിവ്യാസ്ത്രങ്ങള്‍ ഒട്ടേറെ പ്രയോഗിച്ച്

തളര്‍ന്ന തൊണ്ടയുമായ് ഞാനിതാ നില്‍ക്കുന്നല്ലോ

“ സിറ്റ് ഡൌണ്‍ “ ചൊല്ലീട്ടു ഞാന്‍ എന്നുടെ സീറ്റിലായി

തളര്‍ന്ന മനസ്സുമായ് ചെന്നിരിയ്ക്കുന്ന നേരം

അരികിലായ് വന്നീട്ടവന്‍ ചെവിയീ ലുരചെയ്‌വൂ

“ സാറിനും തരട്ടേയോ ചെമ്പക പ്പൂക്കളെന്ന് “

വില്ലനാം കുട്ടിതന്റെ വക്രബുദ്ധി യിലായി

പൂക്കള്‍ കൊണ്ടു മാഷിനെ മയക്കാമെന്നോര്‍ത്തുവോ

സാറില്‍ നിന്നു ലഭിച്ച ‘അടിയും ശകാരവും‘

പൂക്കള്‍ക്കു വേണ്ടിയെന്ന് കുട്ടി ധരിച്ചുവെന്നോ

ഏതെന്നു റപ്പിയ്ക്കാനാ വാതെഞാന്‍ കുഴയുമ്പോള്‍

കേട്ടല്ലോ പിരീഡിന്റെ അന്ത്യത്തിന്‍ മണിനാദം

275. ബുദ്ധന്‍ പിറന്ന മണ്ണില്‍ (മോഹനവര്‍മ്മയുടെ യാത്രാവിവരണം)



ബുദ്ധന്‍ പിറന്ന മണ്ണില്‍ എന്ന പേരുകേള്‍ക്കുമ്പോള്‍ തന്നെ ഒരു വേറിട്ട ഒരു ഭാവവും ആകാംക്ഷയും നമ്മില്‍ നിറയുന്നു.
പ്രത്യേകിച്ച് ഗ്രന്ഥകര്‍ത്താവ് പ്രസിദ്ധ സാഹിത്യകാരനായ കെ എല്‍ മോഹനവര്‍മ്മകൂടി ആകുമ്പോള്‍ .
മോഹനവര്‍മ്മയുടെ പ്രസിദ്ധനോവലായ ഓഹരി മലയാളിയുടെ മനസ്സില്‍ ഒരു പ്രത്യേക വഴിത്തിരിവു തന്നെയാണ്
ഉണ്ടാക്കിയെടുത്തതെന്ന കാര്യത്തില്‍ സംശയമില്ല.
ഇങ്ങനെയൊക്കെയാണെങ്കിലും ശ്രീ മോഹന വര്‍മ്മയെക്കുറിച്ച് കൂടുതല്‍ അറിയുന്നത് കൌതുകമല്ലേ.
1936 ല്‍ ചേര്‍ത്തലയിലാണ് മോഹനവര്‍മ്മ ജനിച്ചത് .
പിതാവ് പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായ അഡേക്കറ്റ് എം. ആര്‍ . കേരളവര്‍മ്മയായിരുന്നു. അക്കൌണ്ട്‌സിലും മാനേജ്‌മെന്റിലും
ബിരുദങ്ങള്‍ നേടി. ഇന്ത്യന്‍ ഗവണ്മെന്റ് സര്‍വ്വീസിലായിരുന്നു ജോലി .
അവിടെ നിന്ന് വളണ്ടിയര്‍ റിട്ടയര്‍മെന്റ് വാങ്ങി.
കുറച്ചുകാലം പൈക്കോ പബ്ലിക്കേഷന്‍സിന്റെ ചീഫ് എഡിറ്ററായും രണ്ടു വര്‍ഷം കുവൈറ്റില്‍ അക്കൌണ്ട്സ് മാനേജരായും ജോലിനോക്കി.
ഒന്നര വര്‍ഷം കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

ഭാര്യ : രാധികാ വര്‍മ്മ
മകന്‍ : സുഭാഷ്
മകള്‍ : കവിത
വിലാസം എം. ഐ.ജി , 429 , പനമ്പിള്ളി നഗര്‍
കൊച്ചി . ഫോണ്‍ 0484 310987

പുസ്തകത്തെക്കുറിച്ച് .

ഇതൊരു യാത്രാവിവരണമാണ് . ചരിത്രവും സമകാലീനവും ഒന്നിച്ചുചേരുന്ന വിവരണം.
ഏതൊരു സ്ഥലവും പ്രസിദ്ധമാകുന്നതില്‍ മുഖ്യപങ്ക് അതിന്റെ ചരിത്രത്തിനുണ്ടല്ലോ .
ഇവിടെ ശ്രീ മോഹനവര്‍മ്മ യാത്രാവിവരണം തുടങ്ങുന്നതിനുമുമ്പേ തന്നെ പ്രസ്തുത സ്ഥലത്തിന്റെ ചരിത്രപ്രാധാന്യം വ്യക്തമാക്കിത്തരുന്നു.
കുശി നഗരത്തില്‍ വെച്ചുള്ള ശ്രീ ബുദ്ധന്റെ നിര്‍വ്വാണത്തെ അനുസ്മരിച്ചുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നതുതന്നെ .
അതും ബി സി 544 ലെ കഥ പറഞ്ഞുകൊണ്ട്...........
കുശിനഗരം ഭാരതത്തിലാണെങ്കിലും ബുദ്ധന്‍ ജനിച്ച സ്ഥലമായ ലുംബിനി നേപ്പാളിലാണ് സ്ഥിതിചെയ്യുന്നത് .
ഭാരതീയര്‍ക്കും മാത്രം നേപ്പാളില്‍ പ്രവേശിക്കുവാന്‍ പാസ്പോര്‍ട്ടും വിസയുമൊന്നും വേണ്ടത്ര!
ബുദ്ധഗയ എന്നുപ്രസിദ്ധിനേടിയ ഉരുവേല നഗരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പുസ്തകത്തില്‍ ചുരുങ്ങിയവരികള്‍ക്കൂടിയാണെകിലും

വ്യക്തമാക്കുന്നുണ്ട്.
ബുദ്ധന്‍ ആ സ്ഥലത്താണ് ആറുവര്‍ഷം കഠിനമായി തപസ്സുചെയ്തത് .
സ്വപ്രയത്നംകൊണ്ട് ലക്ഷ്യത്തിലെത്തുവാന്‍ തീരുമാനിച്ചതിന്റെ ഫലമായിരുന്നു അത് .

അശോകനും ശ്രീബുദ്ധനും :

അശോക മഹാരാജാവിന്റെ ശക്തി ഇന്നത്തെ നമ്മുടെ ജനാധിപത്യസര്‍ക്കാരിലും അനുഭവപ്പെടുന്നു എന്നത് ഇവിടെ പ്രസ്താവ്യാര്‍ഹമായഒന്നാണ് .
അശോകന്‍ ബിന്ദുസാരമഹാരാജാവിന്റെ പുത്രനും മൌര്യവംശസ്ഥാപകനായിരുന്ന ചന്ദ്രഗുപ്തന്റെ പുത്രനുമായിരുന്നു.
ബുദ്ധന്റെ മരണത്തിനുശേഷം 200 വര്‍ഷങ്ങള്‍ക്കുശേഷമാണ് അശോകന്റെ ജനനം .
അതായത് ഇന്നേക്ക് 2300 വര്‍ഷങ്ങള്‍ക്കുമുന്‍പ്
കലിംഗയുദ്ധം അശോകചക്രവര്‍ത്തിയെ മാറ്റിമറിച്ച കഥ നമുക്ക് അറിവുള്ളതാണല്ലോ .
യുദ്ധത്തിനുശേഷം................
ഒരു വര്‍ഷം ബുദ്ധസംഘത്തിലെ അന്തേവാസിയായി കഴിച്ചുകൂട്ടിയെ അശോകന്‍ ബുദ്ധന്‍ പിറന്ന മണ്ണായ ലുംബിനിയിലേക്ക് ഒരു
തീര്‍ഥയാത്ര നടത്തി.
അദ്ദേഹം അവിടെ സ്മാരകങ്ങള്‍ പണിതു.
അങ്ങനെ അതിന്റെകൂടെ അശോക സ്തംഭങ്ങളും ഉയര്‍ന്നു വന്നു.
ഈ സ്തംഭങ്ങള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ട് .
ഒന്ന് അവ അശോകന്റെ അതിര്‍ത്തികളെ പ്രഖ്യാപിക്കുന്നു.
മറ്റൊന്ന് , അശോകന്റെ ധര്‍മ്മശാസനകളെ ജനങ്ങള്‍ക്ക് മനസ്സിലാക്കികൊടുക്കുന്നു.
ഈ സന്ദര്‍ശനത്തില്‍ അശോകന്‍ ജനങ്ങള്‍ക്ക് വേണ്ടി മഹത്തായ ഒരു കാര്യം ചെയ്തു !
തന്റെ സന്ദര്‍ശനം പ്രമാണിച്ച് നികുതിഭാരം ഒഴിവാക്കിക്കൊടുത്തു.

അങ്ങനെ അശോകചക്രവര്‍ത്തിയുടെ ലുംബിനി തീര്‍ഥാടനം ലോകം എന്നും ഓര്‍ക്കുന്ന ചരിത്രസംഭവമായി മാറി.

ഹുയാ‍ങ് സാങിന്റെ സന്ദര്‍ശനം :

അത് ഏഴാം നൂറ്റാണ്ടിലായിരുന്നു........
അദ്ദേഹം പത്തുവര്‍ഷക്കാലം ഭാരതത്തിന്റെ ബുദ്ധക്ഷേത്രങ്ങളില്‍ യാത്രനടത്തി.
നളന്ദാ വിദ്യാലയത്തില്‍ കുറേക്കാലം താമസിച്ച് പഠിച്ചു.
മഹായാന ബുദ്ധമതത്തിലാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്

പുനര്‍ജന്മം ??

ബുദ്ധമതം പുനര്‍ജ്ന്മത്തില്‍ വിശ്വസിക്കുന്നു.
ഭൌതിക വാദത്തിലൂടെ നീങ്ങുകയായിരുന്ന ബുദ്ധന് എങ്ങനെ ഈ പുനര്‍ജന്മസിദ്ധാന്തത്തില്‍ വിശ്വാസം ജനിച്ചു എന്ന് സംശയംനമുക്ക് തോന്നം.
പുനര്‍ജന്മ സിദ്ധാന്തം മനുഷ്യബന്ധങ്ങള്‍ - മരണം - എന്നിവക്ക് ആശ്വാസം നല്‍കുന്നൊരു വിശ്വാസമാണോ ?
മറ്റുജീവികളെ സഹാനുഭൂതിയോടെ ദര്‍ശിക്കുന്നതിന് സാധാരണക്കാരെ പ്രാപ്തമാക്കുന്നതില്‍ വിജയിക്കുമോ ?
അഹിംസാ സിദ്ധാന്തത്തിന്റെ വളര്‍ച്ചക്ക് ഇത് സാധിച്ചില്ലേ ?
എന്നീട്ടും ബുദ്ധന്റെ മരണകാരണമായ ഭക്ഷണം........?

ബുദ്ധന്റെ ഉപദേശങ്ങള്‍ പാലീഭാഷയില്‍ ഗ്രന്ഥരൂപത്തിലാക്കപ്പെട്ടവയാണ് തിപിടകങ്ങള്‍
ഇവയുടെ മൂലരൂപങ്ങള്‍ പലതും നഷ്ടമായി ക്കഴിഞ്ഞിരുക്കുന്നു.
സാധാരണക്കാര്‍ക്കുവേണ്ടി ഈ തത്വങ്ങള്‍ ലളിതമാക്കിയതാണ് ജാതകകഥകള്‍

ലുംബിനി വീണ്ടും കണ്ടുപിടിക്കപ്പെടുന്നു?

അത് സംഭവിച്ചത് 1865 ല്‍ ആണ് .
അന്ന് ഇവിടം കാടുപിടിച്ചു കിടക്കുകയായിരുന്നു.
എ എ ഫുറര്‍ എന്ന പുരാവസ്തു ഗവേഷകന്‍ ശ്രീ ബുദ്ധനെക്കുറിച്ചുള്ള ഗവേഷണം നടത്തി ചില പുരാതന ശില്പങ്ങള്‍ കണ്ടെടുത്തു.
പിന്നീട് കണ്ടെടുത്ത സ്ഥലം വിശദമായി പരിശോദിച്ച് അത് ബുദ്ധന്റെ ജനനസ്ഥലമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
പക്ഷെ , ഇതിന് പ്രാപ്തമാ‍ക്കിയ സംഭവങ്ങള്‍ -- നാടകീയ രംഗങ്ങള്‍ - ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട് .
ഇതൊക്കെ ചരിത്രസംഭവങ്ങള്‍ ........
ഈവകകാര്യങ്ങളൊക്കെ പുസ്തകത്തില്‍ വ്യക്തമാക്കുന്നുമുണ്ട് .
പക്ഷെ , ഇവയിലൂടെ ഇപ്പൊള്‍ മോഹനവര്‍മ്മ കടന്നുപോകുമ്പോള്‍ ...
അനുഭവപ്പെടുന്ന കാര്യങ്ങള്‍ .....
സാക്ഷിയാകേണ്ടിവന്ന സംഭവങ്ങള്‍.........
സഹയാത്രികരാകേണ്ടിവന്ന കഥാ പാത്രങ്ങള്‍...........
ഇവരെയൊക്കെ ഈ പുസ്തകവായനയിലൂടെ നമുക്കും പരിചയപ്പെടാം
അതും ഒരു ഭാഗ്യമല്ലേ .
ഏതൊരു സ്ഥലവും സന്ദര്‍ശിക്കുമ്പോള്‍ പ്രസ്തുത സ്ഥലത്തിന്റെ ചരിത്രവും പ്രാധാന്യവും നാം മുന്‍പേ മനസ്സിലാക്കിയിരിക്കണമെന്ന

തത്ത്വം മോഹനവര്‍മ്മ പാലിച്ചിട്ടുണ്ടെന്ന്‍ ഈ യാത്രാവിവരണത്തില്‍ നിന്ന് നമുക്ക് ബോദ്ധ്യമാകും

പ്രസാധകര്‍ : പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് , കോഴിക്കോട്
വില : 40 രൂ

Sunday, October 10, 2010

274. ഹിന്ദിട്ടീച്ചറെ പറ്റിച്ച കാക്ക (ഹാസ്യകവിത)

ഹിന്ദി ടീച്ചറെ പേടിയില്ലാത്ത

ഒറ്റൊരു കുട്ടിയും സ്ക്കൂളിലില്ലെത്രെ!

ചോദിക്കുന്നു, ചോദ്യങ്ങള്‍ നിത്യവും

കിട്ടിയില്ലെങ്കിലോ ചൂരല്‍‌ക്കഷായവും

ശ്രദ്ധയില്ലാത്ത കുട്ടികള്‍ക്കായിട്ട്

കിട്ടും അടികള്‍ ശ്രദ്ധവെക്കാനായി

% % % % % % % % % % %
% % % % % % % % % % % % % % % % % % % % %
% % % % % % % % % % %

അന്നൊരു നാളില്‍ അഞ്ചാം പിരീഡിലായ്

നില്‍ക്കുന്നു ,ടീച്ചര്‍ കുട്ടന്റെ ക്ലാസിലായ്

ഹിന്ദി ഭാഷതന്‍ വ്യാകരണ്‍ തന്നെ

ഏറെ വിശദമായി ക്ലാസ്സെടുക്കുന്നതും

ഉച്ചയൂണിന്റെ അളവ് വര്‍ദ്ധിച്ചതാം

‘വ്യാകരണ്‍’ , കുട്ടന്റെ തലയില്‍ കേറീല്യ

തൊട്ടരികത്തെ ജനലില്‍ക്കൂടി

അന്നേരം കുട്ടന്‍ പുറത്തേക്കു നോക്കി

ക്ലാസിന്നരികിലെ മാവിന്റെ കൊമ്പിന്മേല്‍

കറുമ്പിക്കാക്ക തൂവല്‍ മിനുക്കുന്നു

മിക്ക ദിവസവും ഉച്ചക്ക് കുട്ടന്‍

കറുമ്പി ക്കാക്കയ്ക്ക് ചോറു കോടുക്കൂലോ

ആ,സ്നേഹ,മോര്‍ത്തീ,ട്ടാകാം കാക്ക

കുട്ടന്നു നേരെ കണ്ണുകള്‍ ചിമ്മീത്

കാക്കതന്‍ സ്നേഹ പ്രകടനം കണ്ടപ്പോ

കുട്ടന്റെ യുള്ള് ആ‍മോദം പൂണ്ടല്ലോ



% % % % % % % % % % %
% % % % % % % % % % % % % % % % % % % % %
% % % % % % % % % % %


ടീച്ചര്‍ തന്‍ ‘സ്റ്റാന്‍ഡ് അപ് ‘ കേട്ടീട്ടല്ലയൊ

കുട്ടന്‍ പെട്ടെന്ന് ഞെട്ടിയെണീറ്റത്

ബോര്‍ഡില്‍ , ‘പൂരണ’മെന്നൊരു ചോദ്യവുമിട്ട്

ആക്രോശിക്കുന്നു കുട്ടനു നേരെ

‘കാ’യോ , ‘കീ’യോ ,’കേ’യൊ, ‘കോ’യൊ

ഏതെന്നെറിയാതെ കുട്ടന്‍ വിഷമിച്ചു

അന്നേരം മാവിന്റെ കൊമ്പിലിരുന്ന്

കറുമ്പി ക്കാക്ക കരഞ്ഞൂ ,”കാ,കാ”

അതുകേട്ട കുട്ടന് ധൈര്യം വന്നു

‘കാ’യെന്നു വെച്ചുള്ള ഉത്തരം വന്നു.

അത്ഭുതം ,അത്ഭുതം , ‘കാ’യെന്നു വെച്ചുള്ള

കുട്ടന്റെ ഉത്തരം ശരിയാണത്രെ!

ടീച്ചറിന്‍ രൌദ്രമാം മുഖവും പോയല്ലോ

‘‘സിറ്റ് ഡൌണ്‍’ ചൊല്ലീട്ട് ‘’ ടീച്ചര്‍ തിരിഞ്ഞല്ലോ

അന്നേരം കുട്ടന്‍ സീറ്റിലിരുന്ന്

ടീച്ചര്‍ തന്‍ ചൂരല്‍ മേനിയില്‍ തട്ടാതെ

രക്ഷിച്ച കാക്കയെ നോക്കിക്കൊണ്ട്

കണ്ണുകള്‍ മെല്ലെ ചിമ്മിക്കാട്ടി.


Saturday, October 09, 2010

273. സീതി ഹാജി ; ഫലിതവും യാഥാര്‍ത്ഥ്യവും

അഞ്ചാറുമാസമായി നല്ല മഴ കിട്ടിയപ്പോള്‍ നമ്മളിലാരെങ്കിലും സീതിഹാജിയെ ഓര്‍ത്തുവോ ?

ഓര്‍ത്തില്ലെങ്കില്‍ ഓര്‍ക്കേണ്ടതുതന്നെയാണ് .

എന്തുകൊണ്ടാണെന്നറിയാമോ ?

മരം വെട്ടല്‍ എന്ന ‘പരിസ്ഥിതി‘ നശീകരണപ്രവര്‍ത്തനത്തിലൂടെ കേരളം മരുഭൂമിയാകും എന്ന് ഗര്‍ജ്ജിച്ചുവന്നവരോട് ‘കടലില്‍ മഴപെയ്യുന്നത് ‘ മരമുണ്ടായീട്ടാണോ ‘ എന്ന നര്‍മ്മം നിറഞ്ഞ ലഘുവായ ചോദ്യംകൊണ്ട് ഇരുത്തിക്കളഞ്ഞ വ്യക്തിയാണ് സീതിഹാജി.

അന്ന് ഒട്ടേറെ പേര്‍ ആ ചോദ്യത്തേയും ചോദ്യകര്‍ത്താവിനേയും പരിഹസിച്ചു.
പ്രസ്തുത ചോദ്യത്തെ ഒരു അഖില ലോക ഫലിതമായി കൊണ്ടാടി.
എങ്കിലും ഒട്ടും നിസ്സാരമല്ലാത്ത ഒരു ശാസ്ത്ര സത്യമാണ് അതിലടങ്ങിയിരിയ്ക്കുന്നത് എന്നംഗീകരിയ്ക്കാന്‍ ആരും തയ്യാറായില്ല.


പരിസ്ഥിതി നാശം മുഖേന കാലാവസ്ഥയ്ക്ക് മാറ്റമുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല.
പക്ഷെ, ഈ കാലാവസ്ഥാ വ്യതിയാനത്തിനിടയാക്കുന്ന പരിസ്ഥിതി നാശഘടകങ്ങളില്‍ ഒരു ചെറിയ പങ്കുമാത്രമേ ‘മരംവെട്ടലില്‍’ഉള്ളൂവെന്നതാണ് സത്യം!

എന്നുവെച്ച് മരംവെട്ടലിനെ ന്യായീകരിയ്ക്കുകയല്ല ചെയ്യുന്നത്.
മരംവെട്ടലിന് കാലാവസ്ഥാ വ്യതിയാനത്തില്‍--പ്രത്യേകിച്ച് മഴയുടെ കാര്യത്തില്‍ - ഒരു ചെറിയ പങ്കുമാത്രമേയുള്ളൂ എന്ന് വ്യക്തമാക്കുകയാണ് ചെയ്യുന്നത്.
ഇതിനേക്കാളും ഒട്ടേറെ പങ്കുള്ള ഘടകങ്ങള്‍ ഉണ്ട്. അവയില്‍ പ്രധാനമായത് , പെട്രോളിയം ഇന്ധനങ്ങളുടെ ജ്വലനം മൂലം അന്തരീക്ഷതാപനിലയില്‍ വര്‍ദ്ധനവ് വരുന്നതാണ്.

272. രാത്രിയില്‍ കള്ളന്‍ മോഷണത്തിനായി വന്നപ്പോള്‍.............

ഞാന്‍ താമസിച്ചിരുന്ന സ്ഥലത്ത് ധാരാളം ഗള്‍ഫ് കാരുണ്ട് .

ഞങ്ങളും ഒരു ഗള്‍ഫ് പാര്‍ട്ടിയാണ് .

ഞങ്ങളുടെ നാട്ടില്‍ ഈയ്യിടെയായി കളവ് പെരുകി വരുന്നു.

പല വീടുകളിലും വസ്തുക്കള്‍ കളവു പോകുന്നു.

ഇതിനെപ്പറ്റി പോലീസില്‍ പരാതി കൊടുത്തു നോക്കി.

തമാശക്കാരനായ പോലീസ് ഓഫീസര്‍ പരാതി സ്വീകരിച്ചുകൊണ്ടുതന്നെ പറഞ്ഞു

“ഇതുകൊണ്ടൊന്നും ഒരു ഫലവുമില്ലാ”


അങ്ങനെ ആ ഒരു ദിവസം വന്നു

അന്ന് , ഞാനൊഴിച്ച് ബാക്കിയുള്ള എല്ലാ കുടുംബാംഗങ്ങളും വളരെ അകലെയുള്ള ഒരു ബന്ധുവീട്ടില്‍ വിവാഹത്തിനു പോയി.

രണ്ടുദിവസം കഴിഞ്ഞേ അവര്‍ വരികയുള്ളൂ.

പോകുന്ന നേരം എന്നോട് അമ്മ പറഞ്ഞു,

“ ബാലൂ‍ട്ടന് പേടീം ണ്ടെ ന്നെച്ചാ മേലേടത്തെ ശങ്കരന്‍നായരെ കൂട്ടിന് രാത്രി വിളിച്ചോളൂ ട്ടോ “

ഇതു കേട്ട ഞാന്‍ അമ്മ ഒരു തമാശ പറഞ്ഞ മട്ടില്‍ ഉറക്കെ ചിരിച്ചു.

ഇരുപതുവയസ്സുകാരനും കോളേജിലെ വില്ലന്‍ കം ഹീറോയുമായ എനിക്ക് പേടിയുണ്ടെന്നു പറഞ്ഞാല്‍ അത് മോശമല്ലേ .


അങ്ങനെ രാത്രിയായി.

നല്ല നിലാവുണ്ട്.

ഗ്ലാസ് ജനലില്‍ക്കൂടി നിലാവ് മുറിയിലേക്ക് കടന്നുവരുന്നു.

കവികള്‍ പറയൂന്നതുപോലെ പൂങ്കിനാവില്‍ കുളിച്ചുനില്‍ക്കയാണ് ഭൂമി.

പക്ഷെ , സമയം രാത്രിയാണ് .

വീട്ടില്‍ ഞാന്‍ ഒറ്റക്കാണ്.

കള്ളന്മാരുടെ ശല്യം ഉണ്ടാകാം.

എന്നീകാരണങ്ങളാല്‍ എനിക്ക് ഉറക്കം വന്നില്ല.

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്രാദേവി എന്നെ ആലിംഗനം ചെയ്തില്ല.

അപ്പോള്‍ എനിക്ക് ഒരു ബുദ്ധിയുദിച്ചു.

എണീറ്റ് പഠിക്കാനുള്ള പുസ്തകമെടുത്ത് വായിച്ചാലോ ?

പാഠപുസ്തകം വായിച്ചാല്‍ എനിക്ക് ഉറക്കം വന്നുതുടങ്ങും.

അതാണെന്റെ സ്വഭാവം .

എണീറ്റ് ലൈറ്റിട്ടപ്പോള്‍ കറന്റില്ല .

വീണ്ടും ഞാന്‍ കിടക്കയില്‍ ചെന്നുകിടന്നു,

ഉറക്കം വരുന്നില്ല.

ഞാന്‍ കിടക്കയില്‍ കണ്ണും തുറന്നു കിടന്നു.

എത്ര നേരം കിടന്നെന്ന് ഓര്‍മ്മയില്ല.

പെട്ടെന്ന് ജനലിനടുത്ത് ഒരു ചെറിയ അനക്കം ഞാന്‍ ശ്രദ്ധിച്ചു.

നോക്കിയപ്പോള്‍ ഗ്ലാസ് ജനലിനു പുറത്തുള്ള വരാന്തയില്‍ ഒരു മനുഷ്യരൂപം നില്‍ക്കുന്നു.

നല്ല നിലാവുള്ള തുകൊണ്ടാവാം ഇങ്ങനെ കാണാന്‍ പറ്റിയത് ; എന്നിരുന്നാലും മുഖം വ്യക്തമല്ല.

അത് കള്ളന്‍ തന്നെ

ഞാന്‍ ,മനസ്സിലുറപ്പിച്ചു.

കുറച്ചുനേരം ആ രൂപം അനങ്ങാതെ അവിടെ തന്നെ നിന്നു.

അപ്പോള്‍ കള്ളന്‍ ഒറ്റയ്ക്കാണെന്ന കാര്യം എനിക്ക് മനസ്സിലായി.

ഈ അറിവ് എന്നില്‍ ആത്മവിശ്വാ‍സവും ധൈര്യവും നല്‍കി.

പെട്ടെന്ന് മനസ്സില്‍ ഒരു ബുദ്ധിയുദിച്ചു.

എന്തായാലും ഇത് നടപ്പിലാക്കുകതന്നെ - ഞാന്‍ തീരുമാനിച്ചു

ഞാന്‍ സ്ഫുടതയുള്ള ശബ്ദത്തില്‍ പറഞ്ഞു,

“കള്ളാ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ?”

പക്ഷെ , ആരൂപം അനങ്ങാതെ നിന്നു.

“ സാരമില്ലെന്നേയ് , ഗതികെട്ടാല്‍ ഏതു ധര്‍മ്മിഷ്ഠനും കക്കാനിറങ്ങും.“

ഞാന്‍ പഴഞ്ചൊല്ലുമാറ്റിപ്പറഞ്ഞു.

എന്റെ ഈ തത്ത്വശാസ്ത്രം കേട്ടീട്ടും കള്ളന്‍ ഒന്നും ഉരിയാടിയില്ല,


ഇത്രയുമായപ്പോള്‍ എനിക്ക് കള്ളനോട് സഹതാപം തോന്നി.

ഈ മഞ്ഞുള്ള രാത്രിയില്‍ ആരും കാണാതെ എത്രമാത്രം കഷ്ടം സഹിച്ചിട്ടായിരിക്കും കള്ളന്‍ കക്കാന്‍ ഇറങ്ങിയിരിക്കുന്നത് .

എന്നിട്ടുലഭിക്കുന്നതോ -?

എന്റെ വക കളിയാക്കലും .

കള്ളനും ആത്മാഭിമാനമില്ലേ.!

ഞാന്‍ ഉടന്‍ തന്നെ അയയില്‍ കിടന്ന ഷര്‍ട്ടിന്റെ പോക്കറ്റുതപ്പി.

പോക്കറ്റില്‍ പത്തുരൂപയുണ്ട് .


ആ പത്തുരൂപയെടുത്ത് നാടകീയമായ ഭാഷയില്‍ ഉറക്കെ പ്പറഞ്ഞു.

“ കള്ളാ , എനിക്കു നിന്നില്‍ അലിവുതോന്നുന്നു.എന്റെ വകയായി ഇതാ പത്തുരൂപ “

എന്നിട്ട് ഞാന്‍ വെന്റിലേറ്ററിലൂടെ കള്ളന്‍ നിന്നിരുന്ന ഭാ‍ഗത്തേക്ക് ചുരുട്ടിയെറിഞ്ഞു.

പിന്നെ , ജനലില്‍ക്കൂടി നോക്കിയപ്പോള്‍ ആരൂപം കുനിയുന്നതും കണ്ടു.

എനിക്കു മനസ്സിലായി കള്ളന്‍ ആ പത്തുരൂപ എടുക്കുകയാനെന്ന്

പിന്നീട് ആ രൂപം അപ്രത്യക്ഷമായി .

വീണ്ടും ഞാന്‍ ഉറങ്ങാന്‍ കിടന്നു.

അങ്ങേനെ ഞാന്‍ ഉറങ്ങിപ്പോയി.

ഞാന്‍ ഉണര്‍ന്നപ്പോള്‍ നേരം നല്ലവണ്ണം വെളുത്തിരുന്നു.

ഉടന്‍ തന്നെ തലേന്നത്തെ സംഭവങ്ങള്‍ എനിക്കോര്‍മ്മ വന്നു .

കിടക്കയില്‍ നിന്നെണീറ്റ് ഞാന്‍ മുറിക്കു പുറത്തുവന്നു .

ഞാന്‍ തലേന്ന് കള്ളന്‍ നിന്നിരുന്ന സ്ഥലത്തു പോയി നോക്കി.

അപ്പോള്‍ അവിടെ ഞാന്‍ തലേന്ന് രാത്രി കള്ളനുകൊടുത്ത പത്തുരൂപ കിടക്കുന്നതു കണ്ടു; കൂടെ വേറെ ഒരു കടലാസുകഷണവും .

ഹേയ് , അല്ല ,

കടലാസുകഷണമല്ല ല്ലോ

അത് ആയിരത്തിന്റെ നോട്ടാ


ഗുണപാഠം :

കള്ളന്മാര്‍ യാചകരല്ല ; അവരെ അപമാനിക്കരുത്

Thursday, October 07, 2010

271. Google Chrome : Free Tutorial in മലയാളം

ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളില്‍ പാസ് വേഡ് സേവ് ചെയ്യപ്പെട്ടാല്‍ അത് മറ്റൊരാള്‍ക്ക് കണ്ടുപിടിക്കാമത്രെ !
വിശ്വാസം തോന്നുന്നില്ല അല്ലേ ; എന്നാല്‍ സംഗതി യാഥാര്‍ഥ്യമാണ്.
അതുപോലെ തന്നെ ഗൂഗിള്‍ ക്രോമില്‍ മലയാളത്തില്‍ നമുക്ക് ടൈപ്പ് ചെയ്യാം .
ഇങ്ങനെയുള്ള ഗൂഗിള്‍ ക്രോമിന്റെ സവിശേഷതകളിലൂടെ കടന്നുപോകാന്‍ ശ്രമിക്കുകയാണ് ഇവിടെ
ഗൂഗിള്‍ ക്രോമില്‍ മലയാളം വരുവാന്‍ ............


പേജിലെ language Tools ല്‍ ക്ലിക്ക് ചെയ്യുക .
അപ്പോള്‍ Language Tools എന്ന വിന്‍ഡോ തുറന്നു വരും .
പ്രസ്തുത പേജില്‍ Use the Google Interface in Your Language എന്ന തലവാചകത്തിനടിയിലായി malayalam ക്ലിക്ക് ചെയ്യുക
.
അതോടുകൂടി തുറന്നുവരുന്ന പേജ് മുഴുവന്‍ മലയാളത്തിലായിരിക്കും .

ഗൂഗിള്‍ ക്രോമില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതെങ്ങനെ ...........
മുകളില്‍ പറഞ്ഞ രീതിയില്‍ വെബ് പേജ് മുഴുവന്‍ മലയാളത്തില്‍ തുറന്നു വരുന്ന രീതിയില്‍ നിറുത്തുക.
വിശദമായ ഭാഷാ ഉപകരണങ്ങള്‍ എന്നതിന്റെ തൊട്ട ഇടതുഭാഗത്തായി ക്ലിക്ക് ചെയ്യുക.

അപ്പോള്‍ മലയാളം ( ഫൊണിറ്റിക് എന്ന വിന്‍ഡോ തുറന്നു വരും )

ഇനി ടൈപ്പ് ചെയ്യൂ
അപ്പോള്‍ മലയാളത്തില്‍ വരുന്നതായി കാണാം .
അതായത് മഗ്ലീഷ് !!
ഇതുവഴി മലയാളത്തില്‍ സെര്‍ച്ച് ചെയ്യുകയും ചെയ്യാം .
കീമാന്‍ ഇല്ലാതെ തന്നെ മലയാളം ടൈപ്പ് ചെയ്യാമെന്ന് അര്‍ഥം .
ഉബുണ്ടുവില്‍ മലയാളം ഇത്തരത്തില്‍ ടൈപ്പ് ചെയ്യാമെന്ന് ലിനക്സ് പ്രേമികള്‍ വിശ്വസിക്കണമെന്നര്‍ഥം .
ഉബുണ്ടുവില്‍ വര്‍ക്ക് ചെയ്യുന്ന ഗൂഗിള്‍ ക്രോം ഉണ്ട് .

വെബ് പേജ് ബുക്ക് മാര്‍ക്ക് ചെയ്യാന്‍ .................
അതിനായി മുകളില്‍ വലതുഭാഗത്തെ  നക്ഷത്രചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക .
അപ്പോള്‍ Bookmark വിന്‍ഡോ തുറന്നു വരും .
അതില്‍ Done ക്ലിക്ക് ചെയ്യുക .

Bookmark മറ്റൊരു ഫോള്‍ഡറില്‍ ആക്കുവാന്‍ ..................
Bookmark വിന്‍ഡോ തുറന്നു വരുമ്പോള്‍ Edit ല്‍ ക്ലിക്ക് ചെയ്യുക .
അപ്പോള്‍ Edit Bookmark വിന്‍ഡോ തുറന്നു വരും .
അതില്‍ New folder ക്ലിക്ക് ചെയ്ത് അതിന് അനുയോജ്യമായ പേരുകൊടുക്കുക .
വെബ്ബ് പേജ് വലുതായി കാണുവാന്‍ ................
F11 എന്ന ഫങ്‌ഷന്‍ കീ അമര്‍ത്തിയാല്‍ പേജ് ഫുള്‍ സ്ക്രീന്‍ ആയിത്തീരും ; വീണ്ടും അമര്‍ത്തിയാല്‍ പഴയപോലെ ആകും .
( Ctrl ++ , Ctrl -- ( കണ്‍‌ട്രോള്‍ അമര്‍ത്തിപ്പിടിച്ച് രണ്ടുപ്രാവശ്യം ++ അമര്‍ത്തിയാലും കണ്‍‌ട്രോള്‍ അമര്‍ത്തിപ്പിടിച്ച് രണ്ടുപ്രാവശ്യം - -

അമര്‍ത്തിയാലും വെബ്ബ് പേജിലുള്ളവ വലുതാകുകയും ചെറൂതാകുകയും ചെയ്യും )

വെബ് പേജ് സേവ് ചെയ്യാന്‍ ...........


270. ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങള്‍ ( സത്യന്‍ അന്തിക്കാടിന്റെ ജീവിതവും സിനിമയും )


ഗ്രന്ഥകാരനെക്കുറിച്ച് :

ശ്രീകാന്ത് കോട്ടക്കല്‍ , 1977 ല്‍ കെ.സി .രാജയുടേയും കെ.ഇ .ശോഭനയുടേയും മകനായി കോഴിക്കോട് ജനനം .
ഇപ്പോള്‍ മാതൃഭൂമി പീരിയോഡിക്കല്‍സ് വിഭാഗത്തില്‍ , തോഴില്‍ വാര്‍ത്തയില്‍ സബ്ബ് എഡിറ്റര്‍
e-mail : sreekanthsmile@gmail.com
പ്രസാധകര്‍ : ഒലിവ് ബുക്സ്
വില : 150 രൂപ

******************
***********************************
***********************************
******************
പുസ്തകത്തെക്കുറിച്ച് :
ഈ പുസ്തകം വായിക്കുന്നതിനുമുമ്പേതന്നെ ശ്രീ സത്യന്‍ അന്തിക്കാടിന്റെ “ഓര്‍മ്മകളുടെ കുടമാറ്റം “ എന്ന ആത്മകകഥാസ്പര്‍ശിയായപുസ്തകം വായിച്ചിരുന്നു. ( അതിനെക്കുറിച്ച്
ഇവിടെ ക്ലിക്ക് ചെയ്താല്‍ കാണാം)
ഹൃദയസ്പര്‍ശിയായ ആ പുസ്തകം സത്യസന്ധതയും ആത്മാര്‍ഥതയും കഠിനാദ്ധ്വാനിയും ദൃഡനിശ്ചയവും ലക്ഷ്യബോധവുമുള്ള ഒരുവ്യക്തിയെയാണ് ചൂണ്ടിക്കാണിച്ചുതന്നത് .മനുഷ്യ ബന്ധങ്ങളെ പണത്തിനേക്കാളുമുപരി വില കല്പിക്കുന്ന അന്തിക്കാട്ടുകാരനായ ഈ
വ്യക്തിയുടെ ഓര്‍മ്മകളെ നമുക്കൊപ്പം പങ്കുവെക്കുമ്പോള്‍ സാധാരണക്കാരനു ലഭിക്കുന്ന ഹൃദായാനുഭൂതി അനിര്‍വ്വചനീയമാണ്.
അങ്ങനെയുള്ള പുസ്തകം വായിച്ചുകഴിഞ്ഞപ്പോഴാണ് ഈ പുസ്തകത്തെ കണ്ടത് .
കണ്ടപ്പോള്‍ പ്രത്യേകിച്ച് ഒരു മമതയും തോന്നിയില്ല
കാരണം , സത്യന്‍ അന്തിക്കാടിന്റെ പുസ്തകം സത്യന്‍ അന്തിക്കാട് തന്നെ എഴുതിയത് വായിച്ചിരിക്കുന്നു .
പിന്നെ , ഈ വിഷയത്തെക്കുറിച്ച് മറ്റൊരാ‍ള്‍ എഴുതിയത് വായിക്കുവാന്‍ മെനക്കെടണോ എന്ന ഒരു ചിന്ത അവനവന്റെ കാര്യം അവനവനേക്കാളും വല്ലവരും എഴുതിയാല്‍ ശരിയാകുമോ എന്ന ന്യായം കൂട്ടിനുമുണ്ടായിരുന്നു.
എന്തായാലും ലൈബ്രറിയില്‍ നിന്ന് പുസ്തകമെടുത്ത് തുറന്നുനോക്കി.
പെട്ടെന്ന് ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു.
എന്റെ സംശയത്തെ ന്യായീകരിക്കാനായി ലൂയി ഫിഷര്‍ എഴുതിയ The Life Of Mahathama Gandhi എന്ന പുസ്തകത്തിന്റെ മഹിമയെയാണ് ഗ്രന്ഥകാരന്‍ കൂട്ടുപിടിച്ചിരിക്കുന്നത് . പത്തിരുപതുവര്‍ഷങ്ങള്‍ക്കുമുന്‍പ് ഗാന്ധിസത്തോടുള്ള ആഭിമുഖ്യത്താല്‍ ഈ
പുസ്തകത്തിനെ പെരുമയെക്കുറിച്ച് ഞാന്‍ വായിച്ചിരുന്നു.

“കോണ്‍ഗ്രസ്സിന് മുതലാളിമാരില്‍ നിന്ന് സംഭാ‍വന പിരിക്കുമ്പോള്‍ ഈ മുതലാളിമാരുടെ താല്പര്യപ്രകാരം കോണ്‍ഗ്രസ്സ് പ്രവര്‍ത്തിക്കേണ്ടിവരില്ലേ എന്ന ചോദ്യവും കോണ്‍ഗ്രസ്സ് മുതലാളിമാരുടെ പണമാണ് സംഭാവനയായി സ്വീകരിക്കുന്നത് അല്ലാതെ
താല്പര്യമല്ല എന്ന ഗാന്ധിയുടെ ഉത്തരവും അന്ന് ഏറെ പ്രസിദ്ധാമായിരുന്നു .ചോദ്യോത്തരം ലൂയിഫിഷറിലൂടെയായിരുന്നു വെളിച്ചംകണ്ടത് “
അങ്ങനെയെങ്കില്‍ .............
അത് ശരിയാണെങ്കില്‍ .............
............
എന്തായാലും പുസ്തകം ലൈബ്രറിയില്‍ നിന്ന് എടുത്തു.

******************
***********************************
***********************************
******************

സത്യന്‍ അന്തിക്കാടിന്റെ ഓര്‍മ്മകളുടെ കുടമാറ്റത്തിലെ ലളിതമായ ശൈലി - അതായത് ലളിതമായ പദങ്ങളുടെ പ്രയോഗം - വിശന്നിരിക്കുന്നവന്റെ മുന്നില്‍ ഒരു നാടന്‍ ഭക്ഷണം ലഭിച്ചാലുള്ള ‘ഒരു നോസ്റ്റാള്‍ജിയ ’ കലര്‍ത്തിയ സന്തോഷം നല്‍കിയിരുന്നു.
അതുപോലെയൊക്കെ ഈ കൊച്ചുപയ്യന് എഴുതിഫലിപ്പിക്കുവാന്‍ പറ്റുമോ എന്ന ഒരു ചോദ്യവും മനസ്സില്‍ ഉണ്ടായിരുന്നു.
പക്ഷെ , ഈ പുസ്തകത്തിലെ ആദ്യത്തെ രണ്ടുപേജുകഴിഞ്ഞപ്പോള്‍ മനസ്സിന് ‘വിമ്മിഷ്ടം‘ ഉണ്ടായി.
അതിനു കാരണം , സാഹിത്യത്തിലെ ‘കൊളസ്ട്രോളണിഞ്ഞ ‘ ചില പദപ്രയോഗങ്ങളോടുള്ള എന്നിലെ വിരക്തിയാകാനും മതി.
പിന്നേയും ഞാന്‍ ഈ പുസ്തകത്തെ നോക്കിക്കണ്ടത് മുന്‍‌വിധിയായ സംശയത്തോടെയായിരുന്നു .
കാരണം , ഇപ്പോഴത്തെ ജര്‍ണലിസം പഠിച്ച പിള്ളേരുടെ എഴുത്ത് എങ്ങനെയിരിക്കും ?
അതും ജീവിതമാകുന്ന സര്‍വ്വകലാശാലയില്‍ നിന്ന് ഉയര്‍ന്നു വന്ന സത്യന്‍ അന്തിക്കാടിനെപ്പറ്റിയുള്ളതാകുമ്പോള്‍ ?
ഇതൊക്കെ എന്റെ മുന്‍‌വിധിയല്ലേ എന്ന് വിചാരിച്ച് വീണ്ടും വായനതുടര്‍ന്നു
പിന്നീടാണ് ആ ശൈലി പിടുത്തം കിട്ടിയത് .
വ്യക്തിജീവിതത്തെ മറ്റ് സ്കെയിലുകള്‍ ഉപയോഗിച്ച് അളന്ന് , താരതമ്യപ്പെടുത്തി , ഉരച്ചുനോക്കി വിശേഷഗുണങ്ങള്‍ മനസ്സിലാക്കിത്തരുന്ന അവസ്ഥ ........
അത് എന്നെ സംബന്ധിച്ച് ഒരു പുതുമയായിരുന്നു.
ശരിയാണ് ഇത് സത്യന്‍ അന്തിക്കാടിന് ചെയ്യുവാനൊക്കുമോ ?
ഇല്ല , തീര്‍ച്ചയായും ഇല്ല.
ഇനി അങ്ങനെ ചെയ്താലോ .........
സ്വയം പൊക്കിയെന്നെ വിശേഷണമാവും ലഭിക്കുക.
അപ്പോള്‍ അതിനൊരാള്‍ വേണം
തീര്‍ച്ചയായും ഒരാള്‍ വേണം
അത് സാധാരണക്കാ‍രനായാലും പോര ?
വ്യക്തിത്വങ്ങളെക്കുറിച്ചുള്ള അറിവ് ......
അതിലെ പ്രത്യേകതകള്‍ കണ്ടെത്തുവാനുള്ള കഴിവ് .....
അതിലെ വ്യക്തിത്വ സവിശേഷതയെ വേര്‍തിരിച്ചെടുക്കാനുള്ള കഴിവ് .....
ഇതൊക്കെ ഈ ഗ്രന്ഥകാരനുണ്ടെന്ന് ഏറെ പേജുകള്‍ വായിച്ചുനീങ്ങിയപ്പോള്‍ മനസ്സിലായി.
എന്തായാലും ഞാന്‍ ലൂയിഫിഷറിനു നന്ദി പറഞ്ഞു
ആ നന്ദി അഭിനന്ദനരൂപേണ ശ്രീകാന്ത് കോട്ടക്കലിനും കൈമാറുന്നു; ഇത്തരമൊരു പുസ്തകരചനക്ക് മുന്നിട്ടിറങ്ങിയതിന്

******************
***********************************
***********************************
******************

‘പെഴ്‌സണാലിറ്റി ഡവലപ്പ്മെന്‍ഡ്’ ക്ലാസെടുക്കുന്നവര്‍ അറിയേണ്ട കാര്യമുണ്ട് ഇതില്‍ .....
മുന്‍ പറഞ്ഞ വിഷയം അറിഞ്ഞോ അറിയാതെയോ ക്ലാസ് മുറിയില്‍ ഉപയോഗിക്കുന്ന ടീച്ചേഴും അറിഞ്ഞിരിക്കേണ്ട സംഗതിയുണ്ടിതില്‍ ...
ശ്രീ സത്യന്‍ അന്തിക്കാട് പത്താം ക്ലാസ് തോറ്റതാണ് !!.
ജീവിതത്തില്‍ ഇന്നുവരെ ഒരു കഥയോ കവിതയോ എഴുതാത്ത എത്രയോ സാഹിത്യാദ്ധ്യാപകരാണ് കുട്ടികളെ പഠിപ്പിക്കുന്നത് ?
അവരോട് ഇന്നതാവണം , ഇങ്ങനെയാകണം എന്നൊക്കെ ഘോരം ഘോരം പ്രസംഗിക്കുന്നത് ?
അഥവാ തല്‍ക്കാലത്തിന് എന്തെങ്കിലും സാഹിത്യവാസനയോ പ്രസംഗിക്കാനോ ഒക്കെ ഉള്ള കഴിവുണ്ടെങ്കില്‍ അത് വിദ്യാലയത്തിലേയോ കലാ‍ലയത്തിലേയോ കൊച്ചുമാസികകളിലോ അല്ലെങ്കില്‍ അല്ലെങ്കില്‍ ഏതെങ്കിലും പരിപാടി തട്ടിക്കൂട്ടി , പ്രസ്തുത പരിപാടി നടക്കുന്ന സ്റ്റേജിലോ മറ്റോ പ്രകടിപ്പിച്ച് ഫോട്ടോയും വിവരണവും പത്രത്തില്‍ കൊടുപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ
സ്ഥാനങ്ങള്‍ തട്ടിയെടുക്കുന്ന അദ്ധ്യാപകര്‍ അറിയേണ്ട കാര്യവുമുണ്ട് ഈ പുസ്തകത്തില്‍
ഓര്‍ക്കുക കുട്ടികളുടെ കഴിവാണ് തിരിച്ചറിയപ്പെടേണ്ടത് ....
ആത്മാര്‍ത്ഥത , സത്യസന്ധത , അദ്ധ്വാനശീലം , ലക്ഷ്യബോധം ,പണത്തിനേക്കാളുമുപരി മനുഷ്യബന്ധങ്ങളെ വിലമതിക്കല്‍ എന്നിവ
കുട്ടികളില്‍ വളര്‍ത്തെപ്പെടേണ്ട ഒന്നാണ് .

******************
***********************************
***********************************
******************

പണ്ടുകാലത്തെ ‘മാതൃഭൂമി ബാലപംക്തി ‘ സത്യനില്‍ ഉണര്‍ത്തിയ ആവേശം അപാരമാണ് .
ബാലപംക്തിയിലേക്ക് സാഹിത്യത്തില്‍ താല്പര്യമുള്ള ധാരാളം കുട്ടികള്‍ രചനകള്‍ അയക്കുമായിരുന്നു.
അവയില്‍ മികച്ചവയാണ് അന്നത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ പ്രസിദ്ധികരിച്ചിരുന്നത് .
ധാരാളം രചനകള്‍ തിരിച്ചയക്കപ്പെടുമായിരുന്നു.
എങ്കിലും തിരിച്ചയപ്പെടുന്ന രചനകളില്‍ നല്ലവ ഉണ്ടെങ്കില്‍ അവ തിരുത്തിയും കാരണങ്ങള്‍ വിശദമാക്കുകയും ചെയ്തിരുന്നു.
(ഇങ്ങനെയുള്ളവയുടെ എണ്ണം അധികമായതുകൊണ്ടാണോ കയ്യക്ഷരം മോശമായത് ?)
അന്നതിന്റെ ചാര്‍ജ്ജ് കുഞ്ഞുണ്ണിമാഷിനായിരുന്നു.
ഒരാളിന്റെ ഗുരുവാകാന്‍ ആ വ്യക്തിയുടെ ക്ലാസില്‍ ഇരിക്കേണ്ട കാര്യമില്ല എന്ന ഏകലവ്യ വചനം ഇവിടെ ഓര്‍മ്മിക്കപ്പെടുന്നു
അദ്ധ്യാപകന്‍ ജീവിക്കുന്നത് ശിഷ്യരിലൂടെയാണ് എന്ന വചനവും ഇവിടെ ഓര്‍മ്മിക്കപ്പെടുന്നു.

ഇങ്ങനെയുള്ള പ്രസ്ഥാനങ്ങള്‍ക്ക് വ്യക്തിയെ എത്രയെത്ര ഉയര്‍ത്തുവാന്‍ പറ്റുമെന്നതിനുള്ള ഒരു സൂചനകൂടി ഇവിടെയുണ്ട് എന്നു നാം

മനസ്സിലാക്കുന്നു.
അങ്ങനെ ഉയര്‍ത്തെപ്പെട്ടവരില്‍ ഒരാള്‍ ശ്രീ സത്യന്‍ അന്തിക്കാടായതുകൊണ്ട് ...
സാധാരണക്കാരന്റെ പ്രശ്നങ്ങളും പരിഭവങ്ങളുമൊക്കെ അടങ്ങുന്ന സിനിമകള്‍ ഉണ്ടായി എന്നു തന്നെ പറയാം.
ഇന്ന് അത്തരം പ്രസ്ഥാനങ്ങളുടെ അഭാവം സമൂഹത്തിനുണ്ടോ ?
ഉണ്ടെങ്കില്‍ ???

******************
***********************************
***********************************
******************

ഒന്നും ഒന്നും തമ്മില്‍ കൂട്ടിയാലെത്ര?
രണ്ട് എന്ന് ഉത്തരം
എന്നാല്‍ രണ്ട് തലച്ചോറുകള്‍ തമ്മില്‍ കൂടിച്ചേര്‍ന്നാലോ ?
ഫലം രണ്ടല്ല ; മറിച്ച് അനന്തമാണ് .
ഒരു മനശ്ശാസ്ത്ര പുസ്തകത്തില്‍ വായിച്ചതാണ് ഈ സൂത്രവാക്യം ?
അനുയോജ്യമായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നത് ജീവിത വിജയത്തിനുതകുന്ന വഴിയാണ്.
പക്ഷെ , അനുയോജ്യ,മായ മനസ്സുള്ള ഒരാളെ കണ്ടെത്തേണ്ടെ ....
അത് പലര്‍ക്കും സാധിക്കാത്ത ഒന്നാണ്
ഒരേ രീതിയില്‍ ചിന്തിക്കുന്നവര്‍ ..
പക്ഷെ , സത്യന്‍ അന്തിക്കാടിന്റെ കാര്യത്തില്‍ അങ്ങനെയുള്ള ഭാഗ്യം ലഭിച്ചു.
അത്തരമൊരു സുഹൃത്തിനെ കണ്ടുമുട്ടി .
അതാണ് ശ്രീ “ ശ്രീനിവാസന്‍ “!!
സാധാരണക്കാരനായ സത്യന്‍ അന്തിക്കാട് !
സാധാരണക്കാരനായ ശ്രീനിവാസന്‍ !

അവരുടെ ചര്‍ച്ചകളും ചിന്തകളും ഒന്നിച്ചു ചേന്നു.
ചിലപ്പോള്‍ വിമര്‍ശനവിധേയമായി
ചിലപ്പോള്‍ പിണങ്ങി
അധികം താമസിയാതെ ഇണങ്ങി.
കഥ നെയ്തെടുക്കുന്നതില്‍ അവര്‍ ഒന്നിച്ച് പരിശ്രമിച്ചു.
അത് വിജയം കൊയ്തു.
രണ്ടല്ല പതിന്മടങ്ങ് ..


******************
***********************************
***********************************
******************


പക്ഷെ , സമാന ചിന്താഗതിക്കാരായ രണ്ടുപേരുണ്ടെങ്കില്‍ അതിലെ അംഗസംഖ്യ വര്‍ദ്ധിക്കുമോ ?
തീര്‍ച്ചയായും ഇല്ല .
കാരണം , സ്വാര്‍ത്ഥതതന്നെ .
പക്ഷെ , ഇവരുടെ കാര്യത്തില്‍ അംഗസംഖ്യ വര്‍ദ്ധിച്ചു .
കാരണം , സ്വാര്‍ത്ഥത ഇല്ലായ്മതന്നെ !!
ഇന്നസെന്റ് , മോഹന്‍ ലാല്‍ എന്നിവര്‍ കൂടി ഈ സംഘത്തില്‍ ചേര്‍ന്നു.
അതും അന്തിക്കാടിന്റെ തൊട്ടടുത്ത ദേശക്കാരനായ ഇരിഞ്ഞാലക്കുടക്കാരന്‍ ഇന്നസെന്റ്
മോഹന്‍ ലാലിനെക്കുറീച്ച് ശ്രീ സത്യന്‍ അന്തിക്കാട് പറയുന്നത് ഇപ്രകാരമാണ്
തന്റെക്കൂടെ എപ്പോഴും സഞ്ചരിച്ചിരുന്ന അരൂപിയായ ഒരാള്‍ .
അതെ , ഒരു സാഹിത്യകാരന്റെയൊപ്പം സഞ്ചരിക്കുന്ന കഥാപാത്രങ്ങളെക്കുറീച്ച് പലരും എഴുതിയിട്ടുണ്ടല്ലോ
ഇവരുടെയൊക്കെ കൂട്ടുകെട്ട് മലയാള സിനിമയില്‍ ഒരു മുന്നേറ്റം ഉണ്ടാക്കി
അതുണ്ടാക്കിയ മുന്നേറ്റം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്
ദാസന്റേയും വിജയന്റേയും രൂപത്തില്‍ ആ ഗ്രാമീണ മന്ദമാരുതന്‍ കേരളത്തില്‍ അപൂര്‍വ്വമായ വിജയം കരസ്ഥമാക്കിയത് നമുക്ക്

അറിവുള്ളതാണല്ലോ
വിദേശത്തും ഈ നാടന്‍ പലഹാരത്തിന് ഡിമാന്‍ഡായി.

******************
***********************************
***********************************
******************

സത്യന്‍ അന്തിക്കാടിന്റെ പല ചിത്രങ്ങളിലും ശങ്കരാടി ഉണ്ട് .
പക്ഷെ , അദ്ദേഹം കണ്ടശ്ശങ്കടവുകാരനാണെന്ന തിരിച്ചറിവ് ഇപ്പോഴാണ് ഉണ്ടായത് .
അതുകൊണ്ടുതന്നെ അത്തരം ഒരു ബന്ധം സത്യന്റെ സിനിമാജീവിതത്തിലും വ്യക്തിജീവിതത്തിലും ഉണ്ടാകില്ലേ ?
പുസ്തകം വായിച്ചുനോക്കുമ്പോള്‍ മനസ്സിലാക്കാം

******************
***********************************
***********************************
******************

മനുഷ്യ ബന്ധങ്ങള്‍ സമൂഹത്തില്‍ വിജയം കൊയ്തെടുത്ത കഥ പലപ്പോഴും വായിച്ചിട്ടുണ്ട് .
അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
എങ്കിലും സത്യന്‍ അന്തിക്കാടിന്റെ കൂട്ടുകെട്ടിന്റെ വിജയം അഭിനന്ദനാര്‍ഹമാണ്
മാതൃകയാണ്.
പല സ്കൂളുകളിലും പോയിട്ടുണ്ട് .
സ്റ്റാഫ് റൂം സന്ദര്‍ശിച്ചിട്ടുണ്ട് .
സ്റ്റാഫ് റൂം കഥകള്‍ കേട്ടിട്ടുണ്ട്.
വിജയിച്ച സ്ക്കുളുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്.
സമൂഹത്തിന് മാതൃകയായ സ്കൂളുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്.
അതാണ് അവിടത്തെ സ്റ്റാഫ് റൂം
കുത്തില്ല , കുഴപ്പമില്ല , ഗ്രൂപ്പ് വഴക്കില്ല .
സമാധാനവും സന്തോഷവും നല്‍കുന്ന അന്തരീക്ഷം
ചേര്‍ച്ചയോടെ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍
അഥവാ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍പ്പോലും മുറിപ്പാടുകള്‍പോലും അവശേഷിപ്പിക്കാതെ ഇല്ലാതാക്കുന്ന സീനിയര്‍ അദ്ധ്യാപകര്‍ .
അത്തരത്തിലുള്ള വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ എങ്ങനെയായിരിക്കുമെന്ന് പറയേണ്ടല്ലോ
പക്ഷെ , വിജയശതമാനം മാത്രം നോക്കി സ്കൂളിനെ വിലയിരുത്തുമ്പോള്‍ ഇവക്ക് പലപ്പോഴും അംഗീകാരം കിട്ടാറില്ല എന്നത് ഒരു

സത്യമാണ്.


******************
***********************************
***********************************
******************

കൂട്ടുകെട്ടുകള്‍ എന്നും നിലനില്‍ക്കുമോ ?
അതെങ്ങനെ നിലനില്‍ക്കും
സാഹചര്യങ്ങള്‍ മാറുകയല്ലേ
പ്രപഞ്ചം തന്നെ മാറ്റത്തിന് വിധേയമാവുകയല്ലേ
മാറ്റത്തിന് മാറ്റമില്ലാതിരിക്കുമോ ?
ഗ്രാഫിലെ X അക്ഷത്തിനും Yഅക്ഷത്തിനും Zഅക്ഷത്തിനും മാറ്റമില്ലാതെ നിറുത്തുവാന്‍ ഈശ്വരനുപോലും സാധ്യമല്ലല്ലോ .
അതുകൊണ്ടുതന്നെ ഇവിടേയും മാറ്റത്തിന് വിധേയമാകേണ്ട അവസ്ഥ സംജാതമായി .
ആദ്യം സംഘത്തോട് വിടപറഞ്ഞത് ശ്രീ മോഹന്‍ലാല്‍ ആണ്.
ആ നിമിഷത്തില്‍ ഏതൊരു അവസ്ഥയായിരിക്കും സത്യന്‍ അന്തിക്കാടിന് അനുഭവപ്പെട്ടിരിക്കുക ?
തന്റെ കഥാ പാത്രവുമായി ചേര്‍ച്ചയുള്ള ഒരാള്‍
അയാള്‍ അകന്നുപോവുക എന്നുവെച്ചാല്‍ ...
എന്തായിരിക്കും സ്ഥിതി...
ഇനി അടുത്തൊരു കഥാ പാത്ര സൃഷ്ടി നടത്തുവാന്‍ ....
കഥാ പാത്രമില്ലാത്തമില്ലാത്ത കഥാകാരന്റെ അവസ്ഥ....
അനുഭവിച്ചവര്‍ക്കേ അറിയൂ,
ചൂടാകാതെ പറ്റുമോ ?
എന്തായാലും അത് സംഭവിച്ചു...
അവര്‍ തമ്മില്‍ പിരിഞ്ഞു.
ഇത് ശ്രീ സത്യന്‍ അന്തിക്കാടിന്റെ മാത്രം നഷ്ടമാണോ?
ടി .പി. ബാലഗോപാലന്‍ എം.എ ആരുടെ പ്രതിനിധിയാണ് ?
നിങ്ങള്‍ ഗൂര്‍ഖയെ ഓര്‍ക്കുന്നുണ്ടോ ?
ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലെ ആ മലയാളിഗൂര്‍ഖയെ എങ്ങനെ മറക്കും അല്ലെ ?
സന്മനസ്സുള്ളവര്‍ക്ക് സമാധാനം നല്‍കിയ ആ മനുഷ്യനെ എങ്ങനെ മറക്കും അല്ലേ?
ഇത്തരം കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും കാഴ്ചവെച്ച ഈ കൂട്ടുകെട്ട് ...
ഇനി എന്തൊക്കെ കാഴ്ചവെക്കും എന്നൊക്കെയല്ലെ കേരളജനത പ്രതീക്ഷിച്ചിരുന്നത് ?
അപ്പോള്‍ നഷ്ടം സത്യന്‍ അന്തിക്കാടിന്റെ മാത്രം അല്ല എന്ന് നാം അറിയുന്നു.
അത് നമ്മുടെ കൂടിയാണ്.

******************
***********************************
***********************************
******************

എന്നാല്‍ ശ്രീനിവാസന്‍ കാണിച്ചുതന്നത് മറ്റൊന്നാണ് .
പരിഭവങ്ങളില്ലാതെയും പിരിയാം .
പറിച്ചു നടേണ്ടപ്പോള്‍ അത് വേണ്ടെ.
അല്ലെങ്കില്‍ വൃക്ഷമാകുമ്പോള്‍ അത് പ്രശ്നമാവില്ലെ
അതുകൊണ്ടുതന്നെ ആ വേര്‍പിരിയലും സംഭവിച്ചു.
ശ്രീ സത്യന്‍ അന്തിക്കാടും ശ്രീനിവാസനുമായുള്ള വേര്‍പിരിയല്‍

******************
***********************************
***********************************
******************

എങ്കിലും എന്നും അങ്ങനെ നില്‍ക്കാന്‍ പറ്റുമോ ?
ഇന്നസെന്റ് മദ്ധ്യസ്ഥനാവുന്നു.
രസതന്ത്രത്തിലൂടെ നാമതുകാണുന്നു.

******************
***********************************
***********************************
******************

അപ്പോഴുംഗ്രന്ഥകാരന്‍ ചോദിക്കുകയാണ്?
ശ്രീനിയെന്ത്യേ ?
അതെ ആ ചോദ്യം മറ്റൊരു പുസ്തകത്തിനുള്ള അന്വേഷണമാകുമോ ?
ഇനിയെന്നാ ആ പണ്ടത്തെ കൂട്ടുകെട്ട് സിനിമയില്‍ വരിക എന്ന് നമുക്കും തോന്നിപ്പിക്കുന്നവിധമാണ് ആ ചോദ്യം

******************
***********************************
***********************************
******************

Wednesday, October 06, 2010

269. മുകേഷ് കഥകള്‍ : ജീവിതത്തിലെ നേരും നര്‍മ്മവും

ഗ്രന്ഥകാരനെക്കുറിച്ച് :
ജനനം ,കൊല്ലം ജില്ലയില്‍
അച്ഛന്‍ ; ഒ . മാധവന്‍
അമ്മ : വിജയകുമാരി
സഹോദരിമാര്‍ : സന്ധ്യരാജേന്ദ്രന്‍ , ജയശ്രീ ശ്യാം ലാല്‍
വിദ്യാഭ്യാസം : ഇന്‍ഫന്റ് ജീസസ് ആഗ്ലോ ഇന്ത്യന്‍ ഹൈസ്ക്കൂള്‍ തങ്കശ്ശേരി , കൊല്ലം

എന്‍ എസ് എസ് കോളേജ് , തിരുവനന്തപുരം ലോ അക്കാദമി.
ആദ്യസിനിമ : ബലൂണ്‍ ( 1982 )

200 ല്‍ പരം സിനിമകളില്‍ അഭിനയിച്ചു.
വിലാസം : കിഴക്കേ വീട് , വടക്കേവിള .പി.ഒ , കൊല്ലം
പ്രസാധകര്‍ : ഒലിവ് ബുക്സ്
വില : 100 രൂപ


ഗ്രന്ഥത്തെക്കുറിച്ച് :
ചലച്ചിത്രനടന്‍ മുകേഷിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം .ക്യാമ്പസ്സും സിനിമയും
നിറഞ്ഞു നില്‍ക്കുന്ന തീഷ്ണവും രസകരവുമായ അനുഭവങ്ങള്‍ . സഹൃദയത്വവും
മൌലിക നിരീക്ഷണങ്ങളും നര്‍മ്മബോധവും സമ്മാനിക്കുന്ന ദൃദ്യമായ ആത്മരേഖകള്‍



സിനിമയിലേ നാം മുകേഷ് എന്ന നടന്റെ കഴിവുകള്‍ കണ്ടീട്ടുള്ളൂ. എന്നാല്‍ ജീവിതത്തില്‍ അതിലും നല്ല അഭിനയക്കാരനായി വിലസുകയാണ് മുകേഷ് .
കോളെജ് കാലത്തെ ആ ഓര്‍മ്മകള്‍ - നര്‍മ്മത്താല്‍ മധുരിപ്പിക്കുന്ന ഓര്‍മ്മകള്‍ ഈ പുസ്തകത്തിലൂടെ അയവിറക്കുകയാണ് ശ്രീ മുകേഷ് .
അങ്ങനെ പറ്റിച്ചും പാരവെച്ചും ഒക്കെ നടന്ന ആ നാളുകള്‍ സത്യസന്ധതയോടെ അദ്ദേഹം വര്‍ണ്ണിച്ചിരിക്കുന്നു.
അതുകൊണ്ടുതന്നെയായിരിക്കാം ആ റോളുകളില്‍ അദ്ദേഹം നന്നായി തിളക്കുന്നത് .
ഇപ്പോഴും അത്തരം റോളുകളില്‍ മുകേഷ് എന്ന കൌമാരക്കാരനയല്ലേ നമുക്ക് കാണുവാന്‍ കഴിയുക.
ഇത് ഈ നടന്റെ റേഞ്ചിനെ ബാധിച്ചിട്ടുണ്ടോ എന്ന സംശയവും ഇല്ലാതില്ല .
കാരണം , സിനിമയില്‍ പൊട്ടിച്ചിരിപ്പിക്കാന്‍ കഴിയുമെങ്കിലും പ്രസ്തുത കഥാപാത്രത്തെ ജീവിതത്തിലേക്കെടുക്കുവാനോ അല്ലെങ്കില്‍ മാതൃകാ നായക സ്ഥാനത്തെക്ക് എത്തിക്കുവാനോ സിനിമാപ്രേമികള്‍ക്ക് കഴിയാതെ വരുമെന്ന കാര്യത്തില്‍ സംശയമില്ലെല്ലോ .
ഈ ടൈപ്പ് കഥാപാത്രം വഴി അത്തരമൊരു സാധ്യതയല്ലേ ഈ കഴിവുള്ള നടന്‍ ഇല്ലാതാക്കിയതെന്ന് സംശയിച്ചാല്‍ തെറ്റുപറയാന്‍ ‘ഒക്കത്തില്ല തന്നെ.‘

Tuesday, October 05, 2010

268. അരണ കടിച്ചാല്‍ ഉടനെ മരണം

(സീനിയറായ അദ്ധ്യാപര്‍ ഒരു കാലഘട്ടത്തില്‍ പറയാറുണ്ടായിരുന്ന ഒരു കഥ ഇവിടെ അവതരിപ്പിക്കട്ടെ !   അവരെ സ്മരിച്ചുകൊണ്ട്    കഥ തുടങ്ങുന്നു)                                                                                                                                                                      മാഷ്   ഏഴാം ക്ലാസ് ബി യില്‍ എത്തി.

പിള്ളേര്‍ എണിറ്റ് നമസ്തേ പറഞ്ഞു ; ചിലര്‍ എണീക്കാതെയും എന്തോ ചെയ്തു.

എങ്കിലും മാഷ്  അതു കാര്യമാക്കിയില്ല.

മാഷ് പുസ്തകം തുറന്നു .

“ കഴിഞ്ഞ ക്ലാസില്‍ എവിടം വരെയാ എടുത്തു നിര്‍ത്ത്യേ“

“ പാഠം പത്ത് കഴിഞ്ഞൂ   മാഷേ  “ മണ്‍സൂര്‍ വിളിച്ചു പറഞ്ഞു.

“ ഏയ് കഴിഞ്ഞില്ല , അവന്‍ വെറുതെ പറയ്യാ “

“ അത് ട്യൂഷന്‍ ക്ലാസിലാ കഴിഞ്ഞത് “

“ നീയ്യ് കഴിഞ്ഞത് ശ്രദ്ധിക്കാത്തോണ്ടാ”

- ഇങ്ങനെയുള്ള കോലാഹലം ക്ലാസില്‍ നടന്നു.

“ ഒരാള്‍ക്കും ഒരോര്‍മ്മയും ഇല്ല - ഞാന്‍ ഒരാഴ്ച ലീവ് കഴിഞ്ഞ് വന്നപ്പോഴുള്ള അവസ്ഥ നോക്കണേ. പുസ്തകമാണെങ്കിലോ ഇക്കൊല്ലം മാറീതും ‘’ മാഷ്   സ്വയം പിറുപിറുത്തു.

അതിനിടെ ഭൂരിപക്ഷം നോക്കാമെന്നായി മാഷ്
അതിനുവേണ്ടി കൈ പൊന്തിക്കാന്‍ പറഞ്ഞു.

“ കഴിഞ്ഞില്ലാ എന്ന് ഉറപ്പുള്ളവര്‍ കൈ പൊന്തിക്ക് “

കൈകള്‍ ഉയര്‍ന്നു ( ചിലര്‍ രണ്ടു കൈയ്യും പൊക്കി )

മാഷ്   എണ്ണി - ഭൂരിപക്ഷം കഴിഞ്ഞീട്ടില്ല എന്നാണ് .

പിന്നെ , എന്തോ ഓര്‍ത്തീട്ടെന്നവണ്ണം ടീച്ചര്‍ ക്ലാസിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയായ മധുവിന്റെ അടുത്തു വന്നു . അവനോട് ചോദിച്ചു.


പാഠം കഴിഞ്ഞു വെന്നു അതിനു തെളിവായി ചോദ്യോത്തരങ്ങള്‍ അടങ്ങുന്ന നോട്ട് അവന്‍  മാഷിന് കാണിച്ചു കൊടുത്തു.

പിന്നെ മാഷ്  വേറെ ഒന്നിന്നും നിന്നില്ല .

“ എല്ലാവരും പുസ്തകം എടുക്ക് “

“ പാഠം പതിനൊന്ന് എടുക്ക് “

“ പാഠം പതിനൊന്ന് - അരണ “ മാഷ്  വായിച്ചു.

ഒരു വരി പുസ്തകത്തില്‍ നോക്കി വായിക്കുകയും പിന്നീട് ആ വരിയെക്കുറിച്ച് തിരിച്ചും മറിച്ചും വിശദീകരണവുമായി ക്ലാസ് മുന്നേറി.

അങ്ങനെ ആ പേജിലെ അവസാനത്തെ വരിയിലെത്തി.

“ അരണ കടിച്ചാല്‍ ഉടനെ മരണം ‘’ മാഷ്   ആ വരി ഭീതിയുടെ സ്വരത്തില്‍ അവതരിപ്പിച്ചു.

ക്ലാസ് നിശ്ശബ്ദമായി

മാഷ്  വിശദീകരണം നല്‍കി

“ കുട്ടികളെ നിങ്ങളുടെ മുറ്റത്തും പറമ്പിലുമൊക്കെ ‘അരണ’യെ കാണാറില്ലേ . സൂക്ഷിക്കണം . അത് കടിച്ചാല്‍ ഉടനെ മരിക്കും . ഇനി മുതല്‍......അരണയെ കാ‍ണുമ്പോള്‍ സൂക്ഷിക്കുക .  അതെങ്ങാനും കടിച്ചാല്‍ ............... “

മാഷിന് മുഴുവനാക്കാന്‍ പറ്റിയില്ല്യ . അപ്പോഴേക്കും ആ പിരീഡ് അവസാനിക്കുന്ന ബെല്‍ അടിച്ചു.

****             ****              ***** ****             ****

പിറ്റേദിവസം പ്രസ്തുത ക്ലാസില്‍ മാഷെത്തി
പതിവുപോലെ ...........

എവിടെയാ നിറുത്തിയതെന്ന് ചോദിച്ചു.

“ അരണ കടിച്ചാല്‍ ഉടനെ മരിക്കും” കുട്ടികള്‍ പറഞ്ഞു.

മാഷ്  ആ പേജ് എടുത്തു.

കഴിഞ്ഞ ക്ലാസില്‍ അവസാനിപ്പിച്ചു നിറുത്തിയ ഭീതിജനകമായ പ്രസ്താവന - “  അരണ കടിച്ചാല്‍ ഉടനെ മരണം“ - വീണ്ടും ആവര്‍ത്തിച്ചു.

പിന്നെ ഒന്നു കൂടി വിശദീകരിച്ചു
പിന്നെ , പേജ് മറച്ചു, മാഷ്   ഉറക്കെ വായിച്ചു.

അപ്പോള്‍ ആദ്യവരി തന്നെ മാഷിന്റെ  ഉന്മേഷം തകര്‍ത്തു.

“ .....എന്നൊരു തെറ്റിദ്ധാരണ നിലവിലുണ്ട് . എന്നാല്‍ അത് ശരിയല്ല.” എന്നതായിരുന്നു ആ പേജിലെ ആദ്യ വരി

....................

.....................

.....................

വാല്‍ക്കഷണം

ഇത് സംഭവകഥയല്ല . അതുകൊണ്ടുതന്നെ ഇതില്‍ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങള്‍ സാംങ്കല്പികമാണ് . അവര്‍ക്ക് ജീവിച്ചിരിക്കുന്നവരോ ,

മരിച്ചുപോയവരോ ആയി സാമ്യം തോന്നിയാല്‍ അത് യാദൃശ്ചികം മാത്രം  . അദ്ധ്യാപക പരിശീലന വേളയില്‍,ക്ലാസിലേക്ക് തയ്യാറെടുപ്പിലാതെപോകുന്ന അദ്ധ്യാപകരെക്കുറിച്ച് പറയുമ്പോള്‍ ഈ കഥ ആവര്‍ത്തിക്കാറുണ്ട്.
Get Blogger Falling Objects